തിരുവനന്തപുരം: മാതാ അമൃതാന്ദമയിയെ കണ്ടതിലും ചുംബന വിവാദത്തിലും മറുപടിയുമായി മന്ത്രി സജി ചെറിയാൻ. അവർ എന്ത് തെറ്റാണ് ചെയ്തത്. ഒരുപാട് നല്ലകാര്യങ്ങൾ ചെയ്തു. ഞങ്ങൾ ആദരിച്ചു. അമ്മ എല്ലാവരെയും ചുംബിക്കുമല്ലോ. എനിക്കും തന്നു. എൻറെ അമ്മ എന്നെ ചുംബിക്കുന്നപോലെയാണ് കണ്ടത്. അതിന് അപ്പുറത്തേക്ക് കണ്ടില്ല. ഞാൻ അമ്മയ്ക്ക് ഷാൾ ഇട്ടിട്ട് ഉമ്മ നൽകി.
എൻറെ അമ്മയുടെ പ്രായം ഉള്ള അമ്മയുടെ സ്ഥാനത്ത് നിൽക്കുന്ന ആൾക്ക് ഉമ്മ നൽകിയത് പലർക്കും സഹിക്കുന്നില്ല. അതുകൊണ്ടു ഫേസ്ബുക്ക് മുതലാളികൾ എഴുതിക്കൊണ്ടിരിക്കുകയാണെന്നും ഡിവോട്ടിയാകാൻ പോയത് അല്ലെന്നും സജി ചെറിയാൻ വിശദീകരിച്ചു. അവർ ദൈവം ആണോ, അല്ലയോ എന്നത് എന്റെ വിഷയമല്ല. ഞങ്ങളാരും അവർ ദൈവം ആണെന്ന് പറഞ്ഞിട്ടില്ല. ആദരിക്കപ്പെടേണ്ട വ്യക്തിത്വമാണ്. അതാണ് സംസ്ഥാന സർക്കാർ ചെയ്തത്. എല്ലാവർക്കും അവരുടെ ആലിംഗനത്തിൽപെടാം ഞങ്ങൾക്ക് പറ്റില്ല. അതങ്ങ് മനസിൽ വെച്ചാൽ മതിയെന്നും സജി ചെറിയാൻ പറഞ്ഞു.
മാതാ അമൃതാന്ദമയി ലോകം ആദരിക്കുന്ന വ്യക്തിയാണ്. 25 വർഷം മുൻപ് അമൃതാന്ദമയി യുണൈറ്റഡ് നേഷൻസിൽ പോയി മലയാളത്തിൽ പ്രസംഗിച്ചു. വളരെ പിന്നാക്ക അവസ്ഥയിൽ നിന്ന് വന്നവരാണ്. അവരെ സാംസ്കാരിക വകുപ്പ് ആദരിച്ചുവെന്നും ലോകം അമ്മ എന്ന പേരിൽ അറിയപ്പെടുന്ന അമ്മയെ ആദരിച്ചുവെന്നും മന്ത്രി പറഞ്ഞു.
കായംകുളത്ത് നഗരസഭ ഗ്രന്ഥശാല ഉദ്ഘാടന പരിപാടിയിലാണ് സജി ചെറിയാൻ മറുപടിയുമായെത്തിയത്. അതേസമയം എൽഡിഎഫ് മതങ്ങൾക്കൊപ്പം നിൽക്കുമെന്നും മതഭ്രാന്തിനൊപ്പമല്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. യഥാർത്ഥ വിശ്വാസങ്ങളെ സ്വീകരിക്കുന്ന നിലപാടാണ് എൽഡിഎഫിനുള്ളത്. എന്നാൽ, മതഭ്രാന്തിന് മുന്നിൽ മുട്ടുമടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ അമൃതാനന്ദമയിയെ ആശ്ലേഷിച്ച സംഭവത്തിൽ സജി ചെറിയാന്റെ ചിത്രം കണ്ടിട്ടില്ലെന്നും അത് സജി ചെറിയാനോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. സജി ചെറിയാനാണ് അതിനു മറുപടി പറയേണ്ടത്. ഇത്തരം കാര്യങ്ങൾ എൽഡിഎഫിൽ ചർച്ച ചെയ്യണ്ടതില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.