റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്‌ക്കെതിരെ യുഎസ് ചുമത്തിയിട്ടുള്ള തീരുവ റഷ്യയെയും പരോക്ഷമായി ബാധിക്കുന്നുണ്ടെന്ന് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ. അതുപോലെ യുക്രെയ്ൻ യുദ്ധത്തിൽ അടുത്തനീക്കമെന്താണെന്നു വ്യക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനോട് ഫോണിലൂടെ ആവശ്യപ്പെട്ടെന്നും റുട്ടെ സിഎൻഎന്നിനോടു പറഞ്ഞു.
നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെയുടെ വാക്കുകൾ ഇങ്ങനെ-
‘‘യുഎസ് താരിഫ് റഷ്യയെ ബാധിച്ചിട്ടുണ്ട്. കാരണം നരേന്ദ്ര മോദി പുട്ടിനെ ഫോണിൽ വിളിക്കുകയും യുക്രെയ്ൻ യുദ്ധത്തിലെ തന്ത്രങ്ങൾ വിശദീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഞാൻ നിങ്ങളെ പിന്തുണയ്ക്കുന്നു, പക്ഷേ നിങ്ങളുടെ നീക്കങ്ങൾ എന്താണെന്ന് വിശദീകരിക്കണം. കാരണം യുഎസ് ഇപ്പോൾ ഞങ്ങൾക്ക് 50 ശതമാനം തീരുവ ചുമത്തിയിരിക്കുകയാണെന്നാണ് മോദി ഫോണിലൂടെ പുട്ടിനോടു പറഞ്ഞു’’–എന്നായിരുന്നു യുഎൻ പൊതുസഭ സമ്മേളനത്തിനിടെ റുട്ടെയുടെ ആരോപണം.
എന്നാൽ, റുട്ടെയുടെ പരാമർശം പൂർണമായും അടിസ്ഥാന രഹിതമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഒരു ഘട്ടത്തിലും പ്രധാനമന്ത്രിയും പുട്ടിനും തമ്മിൽ ഇത്തരം ഒരു സംഭാഷണവും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ നാറ്റോയെപ്പോലെ സുപ്രധാന സംഘടനയുടെ തലപ്പത്തുള്ളയാളുകൾ പൊതു പ്രസ്താവനകൾ നടത്തുമ്പോൾ കൂടുതൽ ശ്രദ്ധയും ഉത്തരവാദിത്വവും പുലർത്തണം, ചുമ്മ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ചുമ്മ പടച്ചുവിടരുതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
അതേസമയം കഴിഞ്ഞ മാസമാണ് ഇന്ത്യയ്ക്ക് 25 % പകരച്ചുങ്കവും റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന് 25 % അധികം തീരുവയും യുഎസ് ഏർപെടുത്തിയത്. റഷ്യയിൽ നിന്നു ഇന്ത്യ എണ്ണ വാങ്ങുന്നതിലൂടെ ആ പണം റഷ്യ യുക്രെയ്ൻ യുദ്ധത്തിനായി ഉപയോഗിക്കുന്നെന്നായിരുന്നു എന്നാണ് ട്രംപിന്റെ ആരോപണം.