വാഷിങ്ടൺ: പലസ്തീനിലെ ഏറ്റവും വലിയ ഭൂപ്രദേശമായ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാൻ ഇസ്രയേലിനെ അനുവദിക്കില്ലെന്ന് മുസ്ലിം നേതാക്കൾക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉറപ്പ് നൽകിയതായി റിപ്പോർട്ട്. പടിഞ്ഞാറൻ, ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ മുസ്ലിം നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞതെന്ന് വെബ്‌സൈറ്റായ പൊളിറ്റിക്കോയാണ് റിപ്പോർട്ട് ചെയ്തു.
അതേസമയം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗാസ മുനമ്പും വെസ്റ്റ് ബാങ്കും പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കുന്നതിനിടെയാണ് വെസ്റ്റ് ബാങ്ക് തൊടാൻ പോലും ഇസ്രയേലിനെ അനുവദിക്കില്ലെന്ന ട്രംപിന്റെ വാക്ക്. എന്നാൽ, ഗാസയെക്കുറിച്ച് ട്രംപ് സമാനമായ ഉറപ്പ് നൽകിയതായി റിപ്പോർട്ടിൽ പറയുന്നില്ല. ഗാസയുടെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നും അവിടെ താമസിക്കുന്ന എല്ലാ പലസ്തീനികളെയും പുറത്താക്കുമെന്നും പലസ്തീൻ മേഖലയെ റിസോർട്ട് ടൗണാക്കി മാറ്റുമെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു.
ഇന്നലെ ട്രംപും മുസ്‌ലിം നേതാക്കളുമായി നടത്തിയ യോഗത്തിൽ ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും യുദ്ധാനന്തര ഭരണ സംവിധാനം സ്ഥാപിക്കുന്നതിനുമുള്ള 21 ഇന നിർദ്ദേശം ട്രംപ് അവതരിപ്പിച്ചു. ‘ഗാസയിൽ സമാധാനത്തിനായി ഞങ്ങൾ ട്രംപിന്റെ 21 ഇന പദ്ധതി അവതരിപ്പിച്ചു. ഇത് ഇസ്രയേലിന്റെ ആശങ്കകളെയും മേഖലയിലെ എല്ലാ അയൽരാജ്യങ്ങളുടെയും ആശങ്കകളെയും അഭിസംബോധന ചെയ്യുന്നുവെന്ന് കരുതുന്നു.’ മിഡിൽ ഈസ്റ്റിലെ യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞു.
ഇതിനിടെ ഗാസയ്ക്കു മേൽ നെതന്യാഹുവും ഇസ്രയേൽ സൈന്യവും പിടിമുറുക്കുകയാണ്. ബ്രിട്ടൺ, ഫ്രാൻസ്, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചതിന് ശേഷവും വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റം വ്യാപിപ്പിക്കുന്നത് തുടരുമെന്ന് നെതന്യാഹു പറഞ്ഞു. ‘ജൂദിയയിലും സമരിയയിലും ജൂത കുടിയേറ്റം ഇരട്ടിയാക്കി ഞങ്ങൾ ഈ പാതയിൽ തന്നെ തുടരും’- നെതന്യാഹു പറഞ്ഞു.അതേസമയം വെസ്റ്റ് ബാങ്കിനെ ബൈബിളിലെ പേരുകൾ ഉപയോഗിച്ച് പരാമർശിച്ചുകൊണ്ടായിരുന്നു ട്രംപിനുള്ള നെതന്യാഹുവിന്റെ മറുപടി.
തീവ്ര വലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള നിർദ്ദേശം മുന്നോട്ട് വെക്കുമെന്ന് പ്രഖ്യാപിച്ചു. ‘ജൂദിയയിലും സമരിയയിലും ഉടനടി പരമാധികാരം പ്രയോഗിക്കണമെന്നും പലസ്തീൻ അതോറിറ്റി’യെ പൂർണ്ണമായും പിരിച്ചുവിടണമെന്നും ബെൻ-ഗ്വിർ ആഹ്വാനം ചെയ്തു. ഇയാളെ കൂടാതെ രണ്ട് മന്ത്രിമാരും വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനായി ആഹ്വാനം ചെയ്തിട്ടുണ്ട്. നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയിൽ നിന്നുള്ള ഗതാഗത മന്ത്രി മിറി റെഗേവ് പിടിച്ചെടുക്കലിനായി ആഹ്വാനം ചെയ്തു. അതേപോലെ ജൂദിയയിലും സമരിയയിലും പരമാധികാരം പ്രയോഗിക്കണമെന്ന് സാമ്പത്തിക മന്ത്രി നിർ ബർക്കത്തും വ്യക്തമാക്കി.