തിരുവനന്തപുരം: പ്രണയനൈരാശ്യത്തിൽ മരണത്തെ പുൽകാനിറങ്ങിയ 23 കാരനെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റി ആറ്റിങ്ങൽ എസ്‌ഐ ജിഷ്ണുവും എഎസ്‌ഐ മുരളീധരൻ പിള്ളയും… അയിലം പാലത്തിൽ കയറിയ പോത്തൻകോട് സ്വദേശിയായ 23കാരനെ അനുനയിപ്പിച്ച് രക്ഷപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥർക്കിപ്പോൾ അഭിനന്ദനപ്രവാഹമാണ്.
ബുധനാഴ്ച രാത്രിയാണ് സംഭവം. പ്രണയനൈരാശ്യത്തിൽ ജീവനൊടുക്കാനൊരുങ്ങിയവനോട് എന്തു പ്രശ്‌നമുണ്ടെങ്കിലും പരിഹരിക്കാമെന്നും കരയേണ്ടെന്നും പറഞ്ഞ് ആശ്വസിപ്പിച്ചാണ് ആറ്റിങ്ങൽ എസ്‌ഐ ജിഷ്ണുവും എഎസ്‌ഐ മുരളീധരൻ പിള്ളയും യുവാവിനെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നത്. പ്രണയം തകർന്നതിന്റെ നിരാശയിലാണ് യുവാവ് പാലത്തിൽനിന്ന് വാമനപുരം നദിയിലേക്ക് ചാടാൻ ശ്രമിച്ചത്. സംഭവം കണ്ട പ്രദേശവാസികൾ ആറ്റിങ്ങൽ പോലീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ എസ്‌ഐ ജിഷ്ണു, എഎസ്‌ഐ മുരളീധരൻ പിള്ള എന്നിവർ യുവാവിനെ അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു.
രാത്രി എട്ടുമണിയോടെ കൺട്രോൾ റൂമിൽനിന്ന് സന്ദേശം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലത്തെത്തിയതെന്ന് എസ്‌ഐ ജിഷ്ണു പറഞ്ഞു. തങ്ങളെത്തുമ്പോൾ പുഴയിലേക്കു ചാടാനായി തൂണിൽ പിടിച്ചു നിൽക്കുന്ന യുവാവിനെയാണ് കണ്ടത്. ആദ്യം സംസാരിച്ചു നോക്കിയിട്ട് യുവാവ് വഴങ്ങിയില്ല. പേരു പോലും പറയാൻ കൂട്ടാക്കിയില്ല. ഇപ്പോൾ ചാടുമെന്ന അവസ്ഥയിലായിരുന്നു അവൻ. ഞങ്ങൾ രണ്ടുപേരും മാറി മാറി സംസാരിച്ചു. ചുറ്റും ഉണ്ടായിരുന്ന ആളുകളെ ഒക്കെ മാറ്റി. പിന്നെയും സംസാരിച്ചപ്പോൾ അയാൾ വഴങ്ങി. ജീവിതത്തിലെ കുറേ പ്രശ്‌നങ്ങൾ പറഞ്ഞു. അതെല്ലാം ഞങ്ങൾ ക്ഷമയോടെ കേട്ടു. ഒടുവിൽ താഴെ ഇറക്കി പാലത്തിന്റെ സൈഡിൽ അവനൊപ്പം ഇരുന്നു. അവന് കരയണമെന്ന് പറഞ്ഞപ്പോൾ കൂടെ ഇരുന്നു. കരഞ്ഞു തീർക്കാൻ പറഞ്ഞു. ഞങ്ങൾ കൂടെ ഉണ്ടെന്നു പറഞ്ഞപ്പോൾ അവന് അതിൽ വിശ്വാസം തോന്നി.
പിന്നെ അവന്റെ കാര്യങ്ങൾ പറയാൻ അപ്പോൾ ആരെങ്കിലും വേണമായിരുന്നു. ഞങ്ങൾ അതാണ് ചെയ്തത്. ഒടുവിൽ വീട്ടുകാരെയും വിളിച്ചു വരുത്തി കൂടെ വിടുകയായിരുന്നു. എനിക്കും പോലീസ് ആകണമെന്നു പറഞ്ഞിട്ടാണ് അവൻ പോയത്. അപ്പോൾ വലിയ സന്തോഷം തോന്നിയെന്നും എസ്ഐ ജിഷ്ണു പറഞ്ഞുനിർത്തി.