ന്യൂഡല്‍ഹി: ഡൽഹിയിലെ ആശ്രമത്തിന്റെ ഡയറക്ടര്‍ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ ലൈംഗികാതിക്രമ ആരോപണവുമായി 17-ഓളം വിദ്യാര്‍ഥിനികള്‍. പരാതിയില്‍ വസന്ത് കുഞ്ചിലെ ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതി എന്ന പാര്‍ത്ഥസാരഥിക്കെതിരേ പോലീസ് കേസെടുത്തു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇഡബ്ല്യുഎസ് (സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗം) സ്‌കോളര്‍ഷിപ്പോടെ ബിരുദാനന്തര മാനേജ്മെന്റ് ഡിപ്ലോമ കോഴ്സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥിനികളാണ് പരാതിനൽകിയത്.
കേസെടുത്തതിനു പിന്നാലെ ഇയാള്‍ ഒളിവിലാണ്. ചൈതന്യാനന്ദ സരസ്വതി മോശം ഭാഷ ഉപയോഗിച്ചുവെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നുമാണ് വിദ്യാര്‍ഥിനികളുടെ പരാതി. പ്രതിയുടെ ആവശ്യം നിറവേറ്റാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വനിതാ ഫാക്കല്‍റ്റിയും അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫും തങ്ങളെ സമ്മര്‍ദത്തിലാക്കിയെന്നും വിദ്യാര്‍ഥിനികള്‍ ആരോപിച്ചു.
ആശ്രമത്തില്‍ ജോലിചെയ്യുന്ന ചില വാര്‍ഡന്‍മാര്‍ പ്രതിക്ക് തങ്ങളെ പരിചയപ്പെടുത്തിയതായും വിദ്യാര്‍ഥികളുടെ പരാതിയിലുണ്ട്. വിദ്യാര്‍ഥിനികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരേ ലൈംഗികാതിക്രമത്തിനും മറ്റ് കുറ്റങ്ങള്‍ക്കും കേസെടുത്തതായി സൗത്ത്-വെസ്റ്റ് ഡിസ്ട്രിക്റ്റ് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അമിത് ഗോയല്‍ പറഞ്ഞു. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് കുറ്റകൃത്യം നടന്ന സ്ഥലത്തും പ്രതിയുടെ വസതിയിലും റെയ്ഡ് നടത്തി. പിന്നാലെയാണ് ഇയാള്‍ ഒളിവില്‍പ്പോയത്. ആഗ്രയ്ക്ക് സമീപമാണ് ഇയാളെ അവസാനമായി കണ്ടതെന്ന് പോലീസ് പറഞ്ഞു. പ്രതിക്കായി പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് തിരച്ചിൽ നടത്തിവരികയാണ്.