തിരുവനന്തപുരം: വട്ടപ്പാറ മരുതൂർ പാലത്തിൽ കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. ഇരുപതോളം പേർക്ക് പരുക്കേറ്റുവെന്നാണ് വിവരം. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്.
കുടുങ്ങിക്കിടന്ന ലോറി ഡ്രൈവറെയും കെഎസ്ആർടിസി ഡ്രൈവറെയും അര മണിക്കൂറോളമെടുത്ത് വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.തിരുവനന്തപുരം – പത്തനംതിട്ട കെഎസ്ആർടിസി ബസ്സാണ് അപകടത്തിൽപെട്ടത്. തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട കെഎസ്ആർടിസി ബസ് എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയോടെയാണ് അപകടമുണ്ടായത്.
26 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. അപകടത്തിൽ പരുക്കേറ്റ 12 പേരെ ഇതുവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് എംസി റോഡിൽ ഗതാഗത കുരുക്കുണ്ടാകാൻ സാധ്യതയുണ്ട്.