തിരുവനന്തപുരം: സംസ്ഥാനം വരും മാസങ്ങളിൽ തെരഞ്ഞെടുപ്പ് ചൂടിലേക്ക്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ ഉണ്ടാകും. നവംബർ-ഡിസംബർ മാസങ്ങളിലാണ് തെരഞ്ഞെടുപ്പ് നടത്താനാണ് ഉദ്ദേശിക്കുന്നത്. ഡിസംബർ 20ന് മുമ്പ് തെരഞ്ഞെടുപ്പ് പൂർത്തിയാക്കുമെന്നാണ് അറിയുന്നത്. ഇതിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങൾ കമ്മീഷൻ പൂർത്തിയാക്കി.
ഇതിനിടെ തീവ്ര വോട്ടർ പട്ടിക പരിഷ്‌ക്കരണം നീട്ടിവെക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം. ഇതു ചൂണ്ടിക്കാട്ടി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കത്ത് നൽകി. മാത്രമല്ല തദ്ദേശ തെരഞ്ഞെടുപ്പിൻറെ പശ്ചാത്തലത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം നീട്ടിവയ്ക്കണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.
രാഷ്ട്രീയ പാർട്ടികളുടെ ഈ നിർദേശം കൂടി പരിഗണിച്ചാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കത്തയച്ചത്. നേരത്തെ മുതൽ തീവ്രവോട്ടർ പട്ടികാ പരിഷ്‌കരണത്തെ ഭൂരിപക്ഷം രാഷ്ട്രീയ പാർട്ടികളും എതിർത്തിരുന്നു. എസ്ഐആറിന് മുന്നോടിയായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. യു ആർ രത്തൻ ഖേൽക്കർ വിളിച്ചുചേർത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിലായിരുന്നു എൽഡിഎഫ്, യുഡിഎഫ് പ്രതിനിധികൾ എതിർപ്പുയർത്തിയത്.
എസ്‌ഐആർ തിടുക്കപ്പെട്ട് നടപ്പിലാക്കരുതെന്നാണ് കോൺഗ്രസും സിപിഐഎമ്മും ആവശ്യപ്പെട്ടത്. എന്നാൽ ബിജെപി അംഗം ബി ഗോപാലകൃഷ്ണൻ മാത്രമാണ് വോട്ടർ പട്ടിക പരിഷ്‌കരണത്തെ പിന്തുണച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വോട്ടർ പട്ടിക പരിഷ്കരണം അപ്രായോഗികം ആണെന്നും എൽഡിഎഫും യുഡിഎഫും ചൂണ്ടിക്കാട്ടി. മാത്രമല്ല വോട്ടർപട്ടിക പരിഷ്കരണത്തിലൂടെ അർഹരായവർ പുറത്താകും എന്ന ആശങ്കയും ഇവർ പ്രകടിപ്പിക്കുന്നുണ്ട്.