തിരുവന്തപുരം: ബിജെപി കൗൺസിലർ അനിൽ കുമാറിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് പോലീസും സിപിഎമ്മും ചേർന്നാണെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. അദ്ദേഹത്തിന്റെ മരണത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുവരണം. ബിജെപിയാണ് ഉത്തരവാദിയെന്ന് ആത്മഹത്യക്കുറിപ്പിൽ എവിടെയും അനിൽ പറഞ്ഞിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.
‘അനിലിനെ ആത്മഹത്യയിലേക്ക് നയിച്ചത് പോലീസും സിപിഎമ്മും ചേർന്നാണ്. ആ മരണത്തിലെ സത്യാവസ്ഥ പുറത്തുവരണം. നിഷ്പക്ഷമായ അന്വേഷണം നടക്കണം. സിപിഎമ്മിന്റെ കോർപ്പറേഷൻ ഭരണത്തിലും സംസ്ഥാന ഭരണത്തിലുമുള്ള അഴിമതിക്കഥകൾ കാരണം പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമുണ്ടായി. അതിനെ പ്രതിരോധിക്കാൻ നടത്തിയ ശ്രമങ്ങളുടെ ഫലമാണ് അനിലിന്റെ മരണം. രാഷ്ട്രീയ വേട്ട സിപിഎം അവസാനിപ്പിക്കണം. അനിലിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങളേക്കുറിച്ച് അന്വേഷണം വേണം’, അദ്ദേഹം പറഞ്ഞു.
അതുപോലെ സഹകരണ സംഘത്തിൽനിന്ന് വായ്പ കൊടുക്കുന്ന എല്ലാവരും സംഘത്തിലെ ആൾക്കാരാകും. അവർ തിരിച്ചടക്കുമെന്ന വിശ്വാസത്തിലാണ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വായ്പ കൊടുക്കുന്നത്. അവരെ നമ്മുടെ ആളുകളെന്ന് വിളിക്കുന്നതിൽ എന്താണ് തെറ്റ്. നമ്മുടെ ആളുകൾ എന്ന് അനിൽ പറഞ്ഞത് എല്ലാവരെയും ആണ്. സഹകരണ സംഘത്തിൽനിന്ന് വായ്പ എടുത്ത എല്ലാവരെയും കുറിച്ചാണ്. അല്ലാതെ ബിജെപിക്കാരെ മാത്രം അല്ലെന്നും മുരളീധരൻ പറഞ്ഞു. കരുവന്നൂരിൽ 300 കോടി തട്ടിപ്പ് നടത്തിയിട്ടും പ്രസിഡന്റിനെ വിളിച്ച് വരുത്തിയില്ല. ഇവിടെ ആറു കോടി ബാധ്യത വന്നയാളെ വിളിപ്പിച്ചത് ആരുടെ താല്പര്യ പ്രകാരമാണെന്നും അദ്ദേഹം ചോദിച്ചു..
അതേസമയം പമ്പയിലെ ആഗോള അയ്യപ്പ സംഗമം പരാജയമാണെന്നും മുരളീധരൻ പറഞ്ഞു. ഒഴിഞ്ഞ കസേരകളുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് ആളില്ലെങ്കിൽ ഇരിക്കപ്പൊറുതി ഉണ്ടാകില്ല. അതിനാൽ അവിടെ മാത്രം ആളെ കയറ്റി. മന്ത്രി വി. വാസവനോട് ഒരുപാട് നന്ദിയുണ്ട്. നിങ്ങൾ ആക്ഷേപിച്ചിരുന്നയാളാണ് യോഗി ആദിത്യനാഥ്. അദ്ദേഹം ബഹുമാന്യനാണെന്നും അദ്ദേഹത്തിന്റെ വാക്കുകൾക്ക് വിലയുണ്ടെന്നും പൊതുവേദിയിൽ വന്ന് യോഗി ആദിത്യനാഥിന്റെ സർട്ടിഫിക്കറ്റ് വായിച്ച് പുളകം കൊള്ളുന്നത് കണ്ടു. വിഴിഞ്ഞത്തുവെച്ച് അദാനി പാർട്ണർ ആണെന്ന് വാസവൻ പറഞ്ഞു. ഇപ്പോൾ അദ്ദേഹത്തിന് യോഗി ആദിത്യനാഥിനോട് ബഹുമാനമുണ്ടെന്ന് പറയുന്നു- അതിൽ സന്തോഷമുണ്ട്- മുരളീധരൻ കൂട്ടിച്ചേർത്തു.