ബെംഗളൂരു: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വിമാനം 35000 അടി ഉയരത്തിൽ എത്തി നിൽകെ കോക്പിറ്റിലേക്ക് കയറാൻ ശ്രമിച്ച് യാത്രക്കാരനും എട്ടംഗ സംഘവും. ബെംഗളൂരുവിൽ നിന്ന് വാരണസിയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിന്റെ കോക്പിറ്റാണ് യാത്രക്കാരൻ തുറക്കാൻ ശ്രമിച്ചത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ തിങ്കളാഴ്ചയാണ് അപ്രതീക്ഷിത സുരക്ഷാ പ്രതിസന്ധിയുണ്ടായത്.
പൈലറ്റിന്റെ സമചിത്തതയോടെയുള്ള ഇടപെടലിൽ കാര്യങ്ങൾ നിയന്ത്രണ വിധേയമായി. ഐഎക്സ് 1086 എന്ന എയർ ഇന്ത്യ വിമാനത്തിലാണ് സംഭവമുണ്ടായത്. കോക്പിറ്റ് മേഖലയിൽ കയറിയ യാത്രക്കാരൻ കോക്പിറ്റിലേക്ക് കൃത്യമായ പാസ്കോഡ് അടിച്ചാണ് കയറാൻ ശ്രമിച്ചതെന്നതിനാൽവിമാനം തട്ടിക്കൊണ്ട് പോകാനുള്ള ശ്രമമാണെന്ന് ഭയന്ന പൈലറ്റ് കോക്പിറ്റ് തുറക്കാതിരിക്കുകയായിരുന്നു.
എട്ട് പേരാണ് ഈ യാത്രക്കാരനൊപ്പമുണ്ടായിരുന്നത്. തുടർന്നു വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ ഒൻപത് യാത്രക്കാരെയും സിഐഎസ്എഫിന് കൈമാറി. ബോയിംഗ് 737 മാക്സ് 8 വിമാനത്തിലാണ് അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്. രാവിലെ എട്ടേകാലോടെ ടേക്ക് ഓഫ് ചെയ്ത വിമാനം 10.21നാണ് വാരണാസിയിൽ ലാൻഡ് ചെയ്തത്. അതേസമയം ഇവരെ കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തിനു പിന്നുള്ള കാര്യങ്ങൾ വ്യക്തമാവുകയുള്ളു.