ന്യൂഡൽഹി: സച്ചിൻ, ഗാംഗുലി, ഹർഭജൻ എന്നിങ്ങനെ ബിസിസിഐയുടെ തലപ്പത്ത് ഇനിയാര് എന്നു കൊണ്ടുപിടിച്ച ചർച്ചകൾക്കിടെ മുൻ ഐപിഎൽ താരവും ഫസ്റ്റ് ക്ലാസ് ക്രിക്കറ്ററുമായ മിഥുൻ മൻഹാസിന്റെ എൻട്രി. നാമനിർദേശ പത്രിക സമർപ്പിക്കേണ്ടിയിരുന്ന അവസാന ദിനമായ ഇന്നലെ വൈകിട്ടാണ് മിഥുൻ പത്രിക സമർപ്പിച്ചത്. മറ്റാരും പ്രസിഡന്റ് സ്ഥാനത്തേക്കു പത്രിക സമർപ്പിച്ചിട്ടില്ലാത്തതിനാൽ മിഥുൻ മൻഹാസ് എതിരില്ലാതെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) പുതിയ പ്രസിഡന്റായേക്കും.
ഈ മാസം 28നു മുംബൈയിൽ നടക്കുന്ന ബിസിസിഐയുടെ വാർഷിക പൊതുയോഗത്തിലാണ് (എജിഎം) പുതിയ പ്രസിഡന്റ് ചുമതലയേൽക്കേണ്ടത്. തിരഞ്ഞെടുപ്പ് ഒഴിവാക്കി പ്രസിഡന്റിനെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ശനിയാഴ്ച ഡൽഹിയിൽ ചേർന്ന അനൗദ്യോഗിക യോഗത്തിലാണ് മിഥുൻ മൻഹാസിനെ തീരുമാനിച്ചതെന്നാണ് വിവരം. ബിസിസിഐയിലെ ഉന്നതർ ഈ ചർച്ചയിൽ പങ്കെടുത്തു. പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണനയിലുണ്ടായിരുന്ന ബിസിസിഐ മുൻ പ്രസിഡന്റ് സൗരവ് ഗാംഗുലി, ഇതിഹാസ താരം സച്ചിൻ, മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ് എന്നിവരെ മറികടന്നാണ് അപ്രതീക്ഷിതമായി മിഥുന്റെ പേര് നേതൃപദവിയിലേക്ക് ഉയർന്നുവന്നത്.
അതേസമയം ഒരു രാജ്യാന്തര മത്സരം പോലും കളിക്കാത്ത, ദേശീയ ടീമിന്റെ സാധ്യതാ ലിസ്റ്റിൽ പോലും പേരുവരാത്തയാളാണ് മിഥുൻ. ജമ്മു കശ്മീരിലെ ഡോഡ ജില്ലയിലെ ഭാലേസ ഗ്രാമത്തിൽ ജനിച്ച മിഥുൻ നന്നേ ചെറുപ്പത്തിൽ തന്നെ ക്രിക്കറ്റ് കളിച്ചുതുടങ്ങി. അണ്ടർ 16 കാലഘട്ടം വരെ ജമ്മു കശ്മീരിൽ തുടർന്ന മിഥുൻ, മെച്ചപ്പെട്ട ക്രിക്കറ്റ് ഭാവി പ്രതീക്ഷിച്ച് 1995ൽ ഡൽഹിയിലേക്ക് വണ്ടികയറി. വലംകൈ ബാറ്ററും സ്പിന്നറുമായ മിഥുൻ വളരെ പെട്ടെന്നു ഡൽഹി ആഭ്യന്തര ക്രിക്കറ്റിലെ അറിയപ്പെടുന്ന താരമായി.
അതോടെ 1998ൽ ഡൽഹി സീനിയർ ടീമിലേക്കുള്ള വിളിയെത്തി. 17 വർഷത്തോളം ഡൽഹി ടീമിന്റെ ഭാഗമായ താരം ഇടക്കാലത്ത് ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. വിരാട് കോലി ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങൾ ഡൽഹി രഞ്ജി ടീമിൽ അരങ്ങേറുമ്പോൾ മിഥുനായിരുന്നു ക്യാപ്റ്റൻ. പിന്നാലെ 2008ൽ ഐപിഎൽ ടീം ഡൽഹി ഡെയർഡെവിൾസിൽ എത്തിയ താരം, പുണെ വോറിയേഴ്സ് ഇന്ത്യ, ചെന്നൈ സൂപ്പർ കിങ്സ് ടീമുകൾക്കു വേണ്ടിയും ഐപിഎലിൽ കളിച്ചു.
2015ൽ ഡൽഹി ക്രിക്കറ്റിൽ നിന്നു ബൈ പറഞ്ഞ മിഥുൻ തിരികെ ജമ്മുവിൽ എത്തി. 2 വർഷത്തോളം ജമ്മു ടീമിന്റെ ക്യാപ്റ്റനായി. 157 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 27 സെഞ്ചറിയടക്കം 9714 റൺസായിരുന്നു മിഥുന്റെ നേട്ടം. ഐപിഎലിൽ 44 മത്സരങ്ങളിൽ 439 റൺസ് നേടി. പ്രഫഷനൽ ക്രിക്കറ്റ് മതിയാക്കിയ ശേഷം പരിശീലനത്തിലേക്കു തിരിഞ്ഞ മിഥുൻ ഐപിഎൽ ടീമുകളായ കിങ്സ് ഇലവൻ പഞ്ചാബ്, റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റൻസ് എന്നിവർക്കൊപ്പം അസിസ്റ്റന്റ് കോച്ചായി പ്രവർത്തിച്ചു.
നിലവിൽ ബിസിസിഐ വാർഷിക ജനറൽ ബോഡിയിൽ ജമ്മുവിന്റെ പ്രതിനിധിയാണ്. ജമ്മു കശ്മീർ അസോസിയേഷന്റെ മേൽനോട്ടച്ചുമതലയുള്ള കമ്മിറ്റിയിൽ അംഗമായിരിക്കെയാണ് ബിസിസിഐയുടെ തലപ്പത്തേക്കുള്ള മിഥുന്റെ വരവ്. അതേസമയം രാജീവ് ശുക്ല ബിസിസിഐ വൈസ് പ്രസിഡന്റായും ദേവജിത് സൈകിയ സെക്രട്ടറിയായും അരുൺ ധുമാൽ ഐപിഎൽ ചെയർമാനായും തുടർന്നേക്കും. ബിസിസിഐ പ്രസിഡന്റായിരുന്ന റോജർ ബിന്നി രാജിവച്ചപ്പോഴാണ് പ്രസിഡന്റ് സ്ഥാനത്ത് ഒഴിവു വന്നത്.