കാബൂൾ: അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമതാവളത്തിൻറെ നിയന്ത്രണം യുഎസിനു തിരികെ നൽകണമെന്ന പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ ആവശ്യം പാടെ തള്ളി താലിബാൻ. അഫ്ഗാനിസ്ഥാന്റെ ഒരിഞ്ച് മണ്ണിൽ പോലും ഒരു കരാർ സാധ്യമല്ല.അഫ്ഗാനിസ്ഥാൻ പൂർണമായും സ്വതന്ത്രമാണെന്നും സ്വന്തം ജനങ്ങളാൽ ഭരിക്കപ്പെടുന്നുവെന്നും താലിബാൻ വ്യക്തമാക്കി. ‘‘ഞങ്ങൾ ഒരു വിദേശ ശക്തിയെയും ആശ്രയിക്കുന്നില്ല. ഞങ്ങൾ ഒരു അക്രമിയെയും ഭയപ്പെടുന്നില്ലെന്നും താലിബാൻ വ്യക്തമാക്കി.
അതേസമയം ബഗ്രാം വ്യോമതാവളം തിരികെ നൽകാൻ വിസമ്മതിച്ചാൽ മോശം കാര്യങ്ങൾ സംഭവിക്കുമെന്ന് ട്രംപ് നേരത്തെ അഫ്ഗാനെ ഭീഷണിപ്പെടുത്തിയിരുന്നു. അടുത്തിടെ, ചില ആളുകൾ ബഗ്രാം എയർ ബേസ് തിരികെ ഏറ്റെടുക്കുന്നതിനായി അഫ്ഗാനിസ്ഥാനുമായി ചർച്ചകൾ ആരംഭിച്ചതായി പറഞ്ഞു. ഡോണൾഡ് ട്രംപിൻറെ പേര് പരാമർശിക്കാതെയാണ് താലിബാന്റെ പ്രതികരണം. എന്നാൽ അഫ്ഗാനിസ്ഥാന്റെ ഒരിഞ്ച് മണ്ണിൽ പോലും ഒരു കരാർ സാധ്യമല്ല. ഞങ്ങൾക്ക് അതിന്റെ ആവശ്യമില്ല’’ – അഫ്ഗാൻറെ ആംഡ് ഫോഴ്‌സ് ചീഫ് ഓഫ് സ്റ്റാഫ് ഫസിഹുദ്ദീൻ ഫിത്രാത്ത് പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ യുഎസ് സൈനിക താവളമായിരുന്നു ബഗ്രാം. 2021ൽ അധികാരം തിരിച്ചു പിടിച്ചതിനു ശേഷം താലിബാൻറെ നിയന്ത്രണത്തിലായിരുന്നു ഇത്. അതേസമയം ബഗ്രാം വിമാനത്താവളത്തിന്റെ നിയന്ത്രണം വീണ്ടെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തേയും വ്യക്തമാക്കിയിരുന്നു. ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാമറിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ്, യുഎസ് സേന അഫ്ഗാനിലേക്ക് തിരിച്ചെത്തുമെന്ന സൂചന ട്രംപ് നൽകിയത്.