പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ നല്‍കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദേവസ്വം മന്ത്രി വി എന്‍ വാസവന് കത്തയച്ചാണ് പിന്തുണ അറിയിച്ചത്. ദേവസ്വം മന്ത്രിയുടെ ക്ഷണക്കത്തിന് മറുപടിയായിരുന്നു യോഗിയുടെ കത്ത്. ആഗോള അയ്യപ്പ സംഗമത്തിന് ആശംസകള്‍ നേരുന്നതായി യോഗി പറഞ്ഞു. അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യം നിറവേറ്റാന്‍ കഴിയട്ടെയെന്നും യോഗി ആദിത്യനാഥ് ആശംസിച്ചു.
‘ധര്‍മ്മത്തിന്റെ ദിവ്യരക്ഷകനാണ് അയ്യപ്പന്‍. അദ്ദേഹത്തെ ആരാധിക്കുന്നത് ധര്‍മ്മത്തിന്റെ പാതയെ പ്രകാശിപ്പിക്കുകയും സാത്വിക മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനും ഭക്തരെ പ്രചോദിപ്പിക്കുന്നു. ഐക്യവും സൗഹാര്‍ദ്ദവും ശക്തിപ്പെടുത്താന്‍ പൗരാണിക ജ്ഞാനവും പാരമ്പര്യങ്ങളും പ്രചരിപ്പിക്കേണ്ടത് അത്യാവശ്യമാണ്.
ഈ കാഴ്ചപ്പാടില്‍, ആഗോള അയ്യപ്പസംഗമം വളരെ പ്രാധാന്യമര്‍ഹിക്കുന്നു,’ ആദിത്യനാഥ് സര്‍ക്കാരിന് അയച്ച സന്ദേശത്തില്‍ പറഞ്ഞു.ആഗോള അയ്യപ്പ സംഗമം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരി തെളിയിച്ച് ആരംഭിച്ചു. വെള്ളാപ്പള്ളി നടേശന്‍, ഗോകുലം ഗോപാലന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, മെമ്പര്‍മാര്‍, ജില്ലാ കലക്ടര്‍ എന്നിവരും സമീപമുണ്ടായിരുന്നു. ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍, ആരോഗ്യമന്ത്രി വീണ ജോര്‍ജ്, മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപുള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ വേദിയിലുണ്ടായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് ആഗോള അയ്യപ്പസംഗമം സംഘടിപ്പിച്ചത്.
തമിഴ്നാട് സര്‍ക്കാരിന്റെ പ്രതിനിധികള്‍ അടക്കം 3,500 പ്രതിനിധികളാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. മൂന്ന് സെഷനുകളായാണ് ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നത്. മാസ്റ്റര്‍പ്ലാന്‍ ചര്‍ച്ച മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറും ആധ്യാത്മിക ടൂറിസം ചര്‍ച്ച പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടികെഎ നായരും തിരക്ക് നിയന്ത്രണത്തെക്കുറിച്ചുള്ള ചര്‍ച്ച റിട്ട. ഡിജിപി ജേക്കബ് പുന്നൂസും നയിക്കും.