അബുദാബി: ഇന്നു ഒമാനെതിരെ ബാറ്റിങ്ങിൽ അടിമുടി പരീക്ഷണവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ആദ്യഘട്ടത്തിൽ മികച്ച സ്കോർ. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ, നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുത്തു. ബാറ്റിങ്ങിൽ എല്ലാവർക്കും അവസരം ലഭിക്കുന്നതിനായി ഓപ്പണർമാരൊഴികെ, ബാറ്റിങ് ഓർഡറിലാകെ പരീക്ഷണവുമായാണ് ഇന്ത്യ അബുദാബിയിൽ കളത്തിലിറങ്ങിയത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഒഴികെ എല്ലാവരും ബാറ്റിങ്ങിനിറങ്ങുകയും ചെയ്തു.
അതിനു തുടക്കമിട്ടതാകട്ടെ അഭിഷേക് ശർമയും ശുഭ്മാൻ ഗില്ലും ചേർന്ന്. എന്നാൽ രണ്ടാം ഓവറിൽ തന്നെ ശുഭ്‍മാൻ ഗില്ലിനെ (8 പന്തിൽ 5) ഇന്ത്യയ്ക്കു നഷ്ടമായി. ഷാ ഫൈസലിന്റെ പന്തിൽ ഗിൽ ബൗൾഡാകുകയായിരുന്നു. പിന്നാലെ മൂന്നാമനായി മലയാളി താരം സഞ്ജു സാംസണാണ് ക്രീസിലെത്തിയത്. ടൂർണമെന്റിൽ, ഇതിനു മുൻപുള്ള രണ്ടു മത്സരങ്ങളിലും സഞ്ജുവിന് ബാറ്റിങ്ങിന് അവസരം ലഭിച്ചിരുന്നില്ല. എന്നാൽ കിട്ടിയ അവസരം മുതലാക്കിയ സഞ്ജു 45 പന്തിൽ 56 റൺസെടുത്ത് പുറത്തായി. സഞ്ജുവാണ് ഇന്ത്യൻ നിരയിൽ ഏറ്റവും കൂടുതൽ റൺസ് സ്കോർ ചെയ്തതും
കളിയുടെ തുടക്കത്തിൽ താളം കണ്ടെത്താൻ പാടുപെട്ട സഞ്ജുവിന്റെ ‘സ്ലോ’ ഇന്നിങ്സിനാണ് അബുദാബി സാക്ഷ്യം വഹിച്ചത്. മൂന്നു സിക്സും മൂന്നു ഫോറുമാണ് സഞ്ജുവിന്റെ ബാറ്റിൽനിന്നു പിറന്നത്. ഒരറ്റത്ത് വിക്കറ്റുകൾ ഒന്നൊന്നായി കൊഴിയുമ്പോഴും പരമാവധി പിടിച്ചുനിൽക്കാനും സഞ്ജു ശ്രമിച്ചു. രണ്ടാം വിക്കറ്റിൽ സഞ്ജുവും അഭിഷേകും (15 പന്തിൽ 38) ചേർന്ന് 66 റൺസ് കൂട്ടിച്ചേർത്തു. തനതു ശൈലിയിലായിരുന്നു അഭിഷേകിന്റെ ബാറ്റിങ്. 2 സിക്സും 5 ഫോറുമാണ് അഭിഷേക് അടിച്ചത്. എട്ടാം ഓവറിൽ അഭിഷേക് പുറത്തായി. പിന്നാലെ നാലാമനായി ക്രീസിലെത്തി ഹാർദിക് പാണ്ഡ്യ (1), റണ്ണൗട്ടായി. അക്ഷർ പട്ടേൽ (13 പന്തിൽ 26), ശിവം ദുബെ (8 പന്തിൽ 5), തിലക് വർമ (18 പന്തിൽ 29), അർഷ്ദീപ് സിങ് (1 പന്തിൽ 1), ഹർഷിത് റാണ (8 പന്തിൽ 13*), കുൽദീപ് യാദവ് (3 പന്തിൽ 1*) എന്നിങ്ങനെയാണ് മറ്റു ഇന്ത്യൻ ബാറ്റർമാരുടെ സ്കോറുകൾ.
∙ പ്ലേയിങ് ഇലവൻ
ഇന്ത്യ: അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, ഹർഷിത് റാണ, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്
ഒമാൻ: ആമിർ കലീം, ജതീന്ദർ സിങ് (ക്യാപ്റ്റൻ), ഹമ്മദ് മിർസ, വിനായക് ശുക്ല(വിക്കറ്റ് കീപ്പർ), ഷാ ഫൈസൽ, സിക്രിയ ഇസ്‌ലാം, ആര്യൻ ബിഷ്ത്, മുഹമ്മദ് നദീം, ഷക്കീൽ അഹമ്മദ്, സമയ് ശ്രീവാസ്തവ, ജിതേൻ രാമാനന്ദി