കൊൽക്കത്ത: പ്രശസ്ത മാധ്യമപ്രവർത്തക കെ എ ബീനയ്ക്ക് സ്റ്റേറ്റ്സ്മാൻ റൂറൽ റിപ്പോർട്ടിംഗ് അവാർഡ്. കൊൽക്കത്തയിൽ നടന്ന ചടങ്ങിൽ സ്‌റ്റേറ്റ്സ്മാൻ എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായ രവീദ്രകുമാർ അവാർഡ്ദാനം നിർവഹിച്ചു. പഞ്ചായത്തീരാജ് സംവിധാനത്തിലെ ദളിത് സ്ത്രീ സംവരണം ഇന്ത്യൻ ഗ്രാമങ്ങളിലെ രാഷ്ട്രീയാധികാര സമവാക്യങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ടോ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ അന്വേഷണാത്മക റിപ്പോർട്ടിങ്ങിനാണ് സമ്മാനം ലഭിച്ചത്.
ഏതൊരു ഇന്ത്യൻ ജേർണലിസ്റ്റും കൊതിക്കുന്ന ആ നിമിഷത്തിൽ ഞാനെന്റെ അച്ഛനെ, അമ്മയെ മനസ്സിൽ നിറക്കുകയായിരുന്നു. പത്രപ്രവർത്തന രംഗം സ്ത്രീകളുടേതല്ലാത്ത കാലത്ത് മകളെ പത്രവർത്തനം പഠിക്കാൻ വിട്ടവർ ! ഞാനെന്തു ചെയ്യുന്നതും അഭിമാനത്തോടെ നെഞ്ചേറ്റിയവർ.. കുട്ടിക്കാലത്ത് അവർ പകർന്നു തന്ന ആത്മവിശ്വാസത്തിന്റെ ബാക്കിയിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകുകയാണിപ്പോഴുമെന്ന് കെ എ ബീന പറഞ്ഞു .
ഇന്ത്യയിലെ ഗ്രാമവഴികളിലേറെ നടന്ന് തേഞ്ഞ കാലുകളോടെയാണ് അവാർഡ് ഏറ്റ് വാങ്ങിയത്.ആറ് സംസ്ഥാനങ്ങൾ – ഉത്തർപ്രദേശ്, ഗുജറാത്ത്, ബീഹാർ, ഹരിയാന, തമിഴ്നാട്, പശ്ചിമബംഗാൾ . ആ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിൽ പഞ്ചായത്തീരാജിലെ ദളിത് / സ്ത്രീ സംവരണം എന്തു മാറ്റങ്ങൾ ഉണ്ടാക്കി എന്ന ചോദ്യവുമായാണ് അലഞ്ഞത്. അധികാരം പ്രാന്തവൽകരിക്കപ്പെടുന്നവർക്ക് ലഭ്യമാകുക എളുപ്പമല്ല എന്ന് തിരിച്ചറിയാനായി. 2014 ൽ യാത്ര ചെയ്ത സ്ഥലങ്ങളിലേക്ക് 2024 ൽ വീണ്ടും യാത്രനടത്തി. അധികാരം ഞെരിഞ്ഞുടച്ച മനുഷ്യ ജീവിതങ്ങൾ കണ്ടു. അവരെ കുറിച്ചെഴുതുമ്പോൾ സ്വാതന്ത്ര്യാനന്തര ഇന്ത്യ നേടിയ വികസനത്തിന്റെ അവാസ്ഥികതയെ കുറിച്ചും എഴുതാതെ വയ്യായിരുന്നു.
ജനാധിപത്യമെന്ന വലിയനാടകം! അവിടെ തോറ്റുപോകന്ന മനുഷ്യർ. ആ തോൽവി വിഷയമേ അല്ലാത്ത പുതിയ കാല മാധ്യമപ്രവർത്തനം.അവിടെ സുജാതാ രമേശിനെയും ബാലുച്ചാമിയെയും പെരിയ കറുപ്പനെയും നേരൂബെൻ പട്ടേലിനെയും താരാശുക്ലയെയും പോലെയുള്ള നിരവധി നിസ്സഹായർ ജനാധിപത്യത്തിന്റെ കാവൽ ഭടന്മാരാകാൻ കാത്തുനിൽക്കുന്നത് ഞാൻ കണ്ടു. അവരെ രേഖപ്പെടുത്തുമ്പോൾ ഞാനെന്റെ ഇന്ത്യയെ രേഖപ്പെടു ത്തുകയായിരുന്നു. ഒഴിവാക്കലുകളിലൂടെ, അപവാദങ്ങളിലൂടെ തകർക്കാൻ ശ്രമിച്ചവരും ചുറ്റുമുണ്ട്. അവർക്കാണ് കൂടുതൽ നന്ദി പറയേണ്ടത്. അവർ ഉജ്വലിപ്പിച്ച ഊർജം ക്രിയാത്മകമായി മുന്നോട്ട് പോകാൻ പ്രേരിപ്പിച്ചതെന്നും ബീന പറഞ്ഞു.