തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ ലണ്ടനിൽ സ്വീകരിച്ച വേൾഡ് ബുക് ഓഫ് റെക്കോർഡ്‌സിനെപ്പറ്റി വിവാദം അടങ്ങുന്നില്ല.സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ച് അവാർഡ് വാങ്ങാൻ സർക്കാർ അനുമതിയോടെ നഗരസഭയുടെ ചെലവിലായിരുന്നു ആര്യയുടെ യാത്ര. എന്നാൽ അതിത്ര പുലിവാലാകുമെന്ന് സത്യത്തിൽ മേയറും പാർട്ടിയും കരുതിയിട്ടുണ്ടാകില്ല. ബ്രിട്ടിഷ് പാർലമെന്റിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനു വിമാനയാത്രയ്ക്ക് അനുമതി നൽകിയും യാത്രാച്ചെലവ് നഗരസഭയുടെ തനതുഫണ്ടിൽനിന്നു ചെലവഴിക്കാൻ അനുമതിയും സർക്കാരിൽ നിന്ന് ഒപ്പിച്ചായിരുന്നു മേയറുടെ യുകെ യാത്ര.
പിന്നീട് കാര്യങ്ങൾ മാറിമറിഞ്ഞു. സർക്കാർ ഉത്തരവിൽ പറയുന്നതു പോലെ ബ്രിട്ടീഷ് പാർലമെന്റിൽ ആയിരുന്നില്ല ചടങ്ങ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന ആക്ഷേപം. യുകെ പാർലമെന്റിലെ ഹൗസ് ഓഫ് കോമൺസിലെ ഹാളിലാണ് ചടങ്ങ് നടന്നതെന്നും ഈ ഹാൾ സംഘടനകൾക്കും വ്യക്തികൾക്കും വാടകയ്ക്ക് കൊടുക്കാറുണ്ടെന്നും സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയരുകയാണ്.
ലണ്ടനിലെ ‘വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്‌സ്’ എന്ന സംഘടനയാണ് ആര്യ രാജേന്ദ്രനു പുരസ്‌കാരം നൽകിയത്. ‘തിരുവനന്തപുരം നഗരസഭ നടപ്പാക്കിയ സുസ്ഥിര വികസന പ്രവർത്തനങ്ങൾക്ക് യുകെ പാർലമെന്റിൽ വേൾഡ് ബുക്ക് ഓഫ് റെക്കോഡ്‌സ് സംഘടിപ്പിച്ച ചടങ്ങിൽ സർട്ടിഫിക്കറ്റ് ഓഫ് എക്‌സലൻസ്, മേയർ എന്ന നിലയിൽ ഞാൻ ഏറ്റുവാങ്ങുകയാണ്. പ്രസ്ഥാനത്തിനും ജനങ്ങൾക്കും ഈ പുരസ്‌കാരം സമർപ്പിക്കുന്നു’ പുരസ്‌കാരം ഏറ്റുവാങ്ങിയ ചിത്രം സഹിതം ആര്യ രാജേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്.
അവാർഡ് വാങ്ങുന്ന ചിത്രം മേയർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതോടെ സിപിഎം നേതാക്കളും പ്രവർത്തകരും ആര്യയെ അഭിനന്ദന പോസ്റ്റുകൾ കൊണ്ട് മൂടുകയാണ്. എന്നാൽ പണം കൊടുത്താണ് അവാർഡ് വാങ്ങിയത് എന്നാണ് സമൂഹമാധ്യമങ്ങളുടേയും എതിരാളികളുടേയും കണ്ടെത്തൽ. ഇതിനെ സാധൂകരിക്കുന്ന തരത്തിൽ കിട്ടിയ സർട്ടിഫിക്കറ്റിൽ ‘ആര്യ രാജേന്ദ്രൻ, സിപിഎം’ എന്നാണ് എഴുതിയിരിക്കുന്നത്. നഗരസഭയുടെ പേരിൽ ലഭിച്ച അവാർഡ് എങ്ങനെ സിപിഎമ്മിന്റെ അക്കൗണ്ടിലെത്തിയെന്നാണ് എതിരാളികൾ ചോദിക്കുന്നത്. മാത്രമല്ല വിവാദത്തിൽ പ്രതികരിക്കാൻ ആര്യയോ സിപിഎം നേതാക്കളോ തയ്യാറായിട്ടില്ല.
അതേസമയം മധ്യപ്രദേശിലെ ഇൻഡോർ കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘടനയാണ് വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്‌സ് എന്നും ഇവർക്ക് ബിജെപി ബന്ധമുണ്ടെന്നും ആരോപണമുയർന്നിട്ടുണ്ട്. സന്തോഷ് ശുക്ല എന്ന വ്യക്തിയാണ് സിഇഒ. ഇന്ത്യൻ സംഘടന യുകെയിൽ നൽകിയ അവാർഡ് വാങ്ങാൻ സർക്കാർ അനുമതിയോടെ നഗരസഭയുടെ ചെലവിൽ യാത്ര നടത്തിയത് എന്തിനെന്നും സമൂഹമാധ്യമങ്ങളിൽ ചോദ്യം ഉയരുന്നുണ്ട്. മാത്രമല്ല പുത്തരിക്കണ്ടം മൈതാനത്ത് ഓഗസ്റ്റ് 9ന് ആറായിരത്തിലധികം കുട്ടികളെ ഉൾപ്പെടുത്തി നടത്തിയ സീഡ് ബോൾ ക്യാംപെയിന്റെ ഭാഗമായി നഗരസഭയ്ക്ക് കിട്ടിയ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ് സ്വീകരിക്കാനാണ് മേയർക്ക് യാത്രാനുമതി നൽകിയതെന്നാണ് ഇപ്പോൾ അറിയുന്നത്.