തൃശൂർ: വീടിന്റെ അറ്റകുറ്റപ്പണിക്കുള്ള സഹായം തേടി അപേക്ഷയുമായെത്തിയ വയോധികനെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തിരിച്ചയച്ച സംഭവത്തിൽ പ്രതികരണവുമായി വയോധികൻ. തനിക്കു അങ്ങനെയൊരു അപമാനം നേരിട്ടതിൽ ഏറെ പ്രയാസമുണ്ടായെന്ന് അപേക്ഷകനായ തയ്യാട്ട് കൊച്ചു വേലായുധൻ പറഞ്ഞു.
തനിക്ക് മുന്നിൽ ഉണ്ടായിരുന്ന ആളുടെ കൈയ്യിൽ നിന്നെല്ലാം അദ്ദേഹം അപേക്ഷ വാങ്ങിയിരുന്നു എന്നാൽ താൻ നൽകിയ അപേക്ഷ ഒന്ന് വാങ്ങാൻ പോലും എംപി തയ്യാറായില്ല. സഹായം നൽകിയില്ലെങ്കിലും കുഴപ്പമില്ലായിരുന്നു. ആ അപേക്ഷയെങ്കിലും വാങ്ങി വെക്കാമായിരുന്നു. തന്നെ അപമാനിക്കണ്ടായിരുന്നു. ഒന്നും മിണ്ടാതെ അവിടുന്ന് തിരിച്ച് പോകുകയാണ് ഉണ്ടായത്.
തിരിച്ച് പ്രതികരിക്കാഞ്ഞത് സദസിൽ വെച്ച് മന്ത്രിയെ അവഹേളിക്കേണ്ടയെന്ന് കരുതിയാണെന്നും കൊച്ചു വേലായുധൻ പറഞ്ഞു. രണ്ടുവർഷം മുമ്പ് തെങ്ങ് വീണ് തകർന്ന വീടിന്റെ അറ്റകുറ്റപ്പണിക്കുള്ള സഹായം തേടിയാണ് എംപിയുടെ അടുത്ത് കൊച്ചു വേലായുധൻ അപേക്ഷയുമായി ചെന്നത്. ‘ഇതൊന്നും ഒരു എംപിയുടെ ജോലിയേ അല്ല , പോയി പഞ്ചായത്തിൽ പറയ് ‘എന്നായിരുന്നു സുരേഷ് ഗോപി എംപിയുടെ മറുപടി. കഴിഞ്ഞ ദിവസം തൃശൂർ പിള്ളിൽ വെച്ച് നടന്ന കലുങ്ക് വികസന സംവാദത്തിനിടെ അപേക്ഷയുമായി എത്തിയതായിരുന്നു കൊച്ചു വേലായുധൻ. അതേസമയംസിപിഐഎം നേതാക്കൾ അടക്കം എംപിയുടെ പെരുമാറ്റത്തിൽ അതൃപ്‌തി അറിയിച്ചിരിക്കുകയാണ്. എന്നാൽ സംഭവത്തിൽ ഇതുവരെ സുരേഷ്‌ഗോപി എംപി പ്രതികരണം നടത്തിയിട്ടില്ല.