വാഷിങ്ടൺ: ട്രംപിന്റെ വിശ്വസ്തനായിരുന്ന ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തിന് പിന്നാലെ തന്റെയും സുരക്ഷ വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ട് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. പ്രമുഖര്‍ക്കെതിരായ ഭീഷണികളെക്കുറിച്ച് ആശങ്ക ഉയരുന്ന സാഹചര്യത്തിലാണിത്. മസ്‌കിന്റെ സുരക്ഷ കൂട്ടണമെന്ന ഒരു ടെസ്‌ല ഓഹരി ഉടമയുടെ ആവശ്യം അദ്ദേഹം ശരിവെച്ചു.
2024 ജനുവരി മുതല്‍ 2025 ഫെബ്രുവരി വരെ തന്റെ സുരക്ഷയ്ക്കായി കമ്പനി ചെലവഴിച്ചത് 33 ലക്ഷം ഡോളറാണെന്ന് മസ്‌ക് ചൂണ്ടിക്കാട്ടി. മുന്‍വര്‍ഷം ചെലവഴിച്ച 29 ലക്ഷം ഡോളറില്‍നിന്ന് വര്‍ധനവുണ്ടെങ്കിലും മറ്റ് ടെക് കമ്പനികള്‍ മേധാവികളുടെ സുരക്ഷ ഉറപ്പക്കുന്നതിനായി ചെലവഴിക്കുന്നതിനേക്കാള്‍ വളരെ കുറവാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ടെസ്‌ല നിക്ഷേപകയായ അലക്‌സാണ്ട്ര മെര്‍സാണ് നിലവിലെ ചെലവുകളുടെ ഒരു ചാര്‍ട്ട് പോസ്റ്റ് ചെയ്തുകൊണ്ട് മസ്‌കിന്റെ സുരക്ഷാ ബജറ്റ് വര്‍ധിപ്പിക്കണമെന്ന് കമ്പനി ബോര്‍ഡിനോട് അഭ്യര്‍ഥിച്ചത്. ഇതിന് മസ്‌ക് നേരിട്ട് മറുപടി നല്‍കി. തീര്‍ച്ചയായും സുരക്ഷ വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിഗത സുരക്ഷയ്ക്കായി ഗാവിന്‍ ഡി ബെക്കര്‍ ആന്‍ഡ് അസോസിയേറ്റ്‌സിനെയാണ് മസ്‌ക് ഉപയോഗിക്കുന്നതെന്നും ഫൗണ്ടേഷന്‍ സെക്യൂരിറ്റി എന്ന പേരില്‍ അദ്ദേഹം സ്വന്തമായി ഒരു സ്ഥാപനം ആരംഭിച്ചിട്ടുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്കിടയിലാണിത്.