ന്യൂഡല്‍ഹി : ഭിന്നശേഷിക്കാരനായ പതിനൊന്നുകാരനുമായി അമ്മ ഫ്ലാറ്റിൽ നിന്നും ചാടി ജീവനൊടുക്കി. ഗ്രേയിറ്റര്‍ നോയിഡയിലാണ് സംഭവം. മകന്റെ അസുഖത്തില്‍ 37കാരിയായ സാക്ഷി ചൗള കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. ഇതാണ് ജീവനൊടുക്കാന്‍ യുവതിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
രണ്ടുപേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. രാവിലെ പത്തുമണിയോടെയാണ് മകനുമായി പതിമൂന്നാം നിലയില്‍ നിന്നും ചാടി യുവതി ജീവനൊടുക്കിയത്.യുവതിയും മകനും ആത്മഹത്യ ചെയ്യുമ്പോള്‍ ചാര്‍ട്ടേഡ് അക്കൗണ്ടായ ഭര്‍ത്താവ് ദര്‍പ്പണ്‍ ചൗള മറ്റൊരു മുറിയിലായിരുന്നു. നിലവിളി കേട്ട് ബാല്‍ക്കണിയില്‍ ഓടിയെത്തിയപ്പോഴാണ് ഭാര്യയെയും മകനെയും താഴെ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.വീട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പെലീസ് പറഞ്ഞു. ‘ ക്ഷമിക്കണം, ഞങ്ങള്‍ ഈ ലോകം വിട്ടുപോകുന്നു. ഇനി നിങ്ങളെ ബുദ്ധിമുട്ടിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ കാരണം നിങ്ങളുടെ ജീവിതം നശിക്കരുത്. ഞങ്ങളുടെ മരണത്തിന് ആരും ഉത്തരവാദിയല്ല.’- കുറിപ്പില്‍ പറയുന്നു.