ന്യൂ ഡൽഹി: ഇന്ത്യയിൽ നിർമിച്ച റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള നിർദേശം വ്യോമസേന കേന്ദ്രത്തിന് സമർപ്പിച്ചു. ‘മെയ്ഡ് ഇൻ ഇന്ത്യ’ പദ്ധതി പ്രകാരം 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള വ്യോമസേനയുടെ നിർദ്ദേശത്തിന്മേൽ പ്രതിരോധ മന്ത്രാലയം ചർച്ചകൾ ആരംഭിച്ചുവെന്നാണ് റിപ്പോർട്ട്.
60 ശതമാനത്തിലധികം ഇന്ത്യൻ നിർമ്മിത ഘടകങ്ങൾ ഉൾപ്പെടെ രണ്ടുലക്ഷം കോടി രൂപയിലധികം ചെലവ് പ്രതീക്ഷിക്കുന്ന ഈ നിർദ്ദേശം, പ്രതിരോധ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഡിഫൻസ് പ്രൊക്യുർമെന്റ് ബോർഡ് അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ചർച്ചയ്ക്കെടുക്കും. പദ്ധതി പൂർത്തിയായാൽ, ഇന്ത്യ ഒപ്പുവെക്കുന്ന എക്കാലത്തെയും വലിയ പ്രതിരോധ ഇടപാടായി ഇത് മാറും.ഫ്രഞ്ച് കമ്പനിയായ ദസ്സാൾട്ട് ഏവിയേഷനും ഇന്ത്യൻ എയ്റോസ്പേസ് സ്ഥാപനങ്ങളും ചേർന്നായിരിക്കും വിമാനങ്ങൾ നിർമ്മിക്കുക.
മാത്രമല്ല114 റഫാൽ വിമാനങ്ങൾക്കായുള്ള സ്റ്റേറ്റ്‌മെന്റ് ഓഫ് കേസ് (SoC) ഏതാനും ദിവസങ്ങൾക്ക് മുൻപ് പ്രതിരോധ മന്ത്രാലയത്തിന് ലഭിച്ചു. ഇക്കാര്യം, പ്രതിരോധ ധനകാര്യ വകുപ്പുകൾ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളുടെ പരിഗണനയിലാണ്. ഇക്കാര്യത്തിലുള്ള ചർച്ചകൾക്കു ശേഷം നിർദ്ദേശം ഡിഫൻസ് പ്രൊക്യുർമെന്റ് ബോർഡിനും (ഡിപിബി) പിന്നീട് ഡിഫൻസ് അക്വിസിഷൻ കൗൺസിലിനും സമർപ്പിക്കുമെന്നു പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി 36 റഫാൽ വിമാനങ്ങളുണ്ട്. കൂടാതെ, സർക്കാർ തലത്തിലുള്ള കരാറുകൾ പ്രകാരം ഇന്ത്യൻ നാവികസേന 36 വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുമുണ്ട്. ഇന്ത്യൻ നിർമിത റഫാൽ വരുന്നതോടെ റഫാൽ വിമാനങ്ങളുടെ എണ്ണം 176 ആയി ഉയരും. അതേസമയം ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാനെതിരെ റഫാൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് തൊട്ടുപിന്നാലെയാണ് വ്യോമസേനയുടെ ഈ നിർദ്ദേശം.