കോഴിക്കോട്: ചുങ്കം വേലത്തിപ്പടിക്കൽ കെ.ടി.വിജിലിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് സരോവരം തണ്ണീർത്തടത്തിൽ അന്വേഷണ സംഘം ചതുപ്പു നീക്കി നടത്തിയ തിരച്ചിലിൽ ശരീരഭാഗങ്ങളുടെ അസ്ഥികൾ കണ്ടെത്തി. വിജിലിന്റെതെന്നു കരുതുന്ന അസ്ഥികളുടെ 53 ഭാഗങ്ങളാണ് തിരച്ചിലിന്റെ ഏഴാം ദിനത്തിൽ കണ്ടെത്തിയത്. പല്ലുകളുടെയും താടിയെല്ലിന്റെയും വാരിയെല്ലിന്റെയും അസ്ഥിഭാഗങ്ങളാണ് ആദ്യം കണ്ടെത്തിയത്. പിന്നാലെ നടത്തിയ പരിശോധനയിൽ മറ്റ് ശരീരഭാഗങ്ങളിലെ എല്ലുകൾ കണ്ടെത്തുകയായിരുന്നു. എന്നാൽ തലയോട്ടി ഇതുവരെ കണ്ടെത്താനായില്ല. തിരച്ചിൽ സംഘത്തിനൊപ്പമുള്ള ഫൊറൻസിക് സംഘത്തിന് തുടർപരിശോധനകൾക്കായി അസ്ഥികളുടെ ഭാഗം കൈമാറി.
അതേസമയം വ്യാഴാഴ്ച നടത്തിയ തിരച്ചിലിൽ വൈകിട്ടോടെ ചതുപ്പിനടിയിൽ വെട്ടുകല്ലുകൾ കണ്ടെത്തിയിരുന്നു. മരിച്ചതിനെത്തുടർന്ന് വിജിലിനെ ചതുപ്പിൽ കല്ലു കെട്ടിത്താഴ്ത്തിയതാണെന്നാണ് നേരത്തെ പ്രതികൾ പോലീസിനു നൽകിയ മൊഴി. ബുധനാഴ്ച നടത്തിയ തിരച്ചിലിൽ വിജിലിന്റെതെന്ന് കരുതപ്പെടുന്ന ഒരു ഷൂ കണ്ടത്തിയിരുന്നു. ചതുപ്പിൽ നിന്ന് കണ്ടെത്തിയ ഷൂ വിജിലിന്റെതാണെന്ന് പ്രതികളായ വാഴാത്തിരുത്തി കുളങ്ങരക്കണ്ടി മീത്തൽ കെ.കെ.നിഖിൽ, വേങ്ങേരി തടമ്പാട്ടുതാഴം ചെന്നിയാംപൊയിൽ ദീപേഷ് എന്നിവർ തിരിച്ചറിഞ്ഞിരുന്നു.
തലയോട്ടി ഒഴികെ 53 അസ്ഥികളാണ് ലഭിച്ചതെന്നും ഇതിൽ ഡിഎൻഎ പരിശോധന നടത്തി തുടർനടപടി സ്വീകരിക്കുമെന്നും ഡിസിപി അരുൺ കെ. പവിത്രൻ പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്‌ചയാണ് രണ്ടാംഘട്ട തിരച്ചിലിനായി പ്രതികളെ കൊയിലാണ്ടി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽനിന്ന് പോലീസ് അഞ്ചു ദിവസത്തേക്കു കസ്റ്റഡിയിൽ വാങ്ങിയത്. ടൗൺ സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ അഷ്റഫിന്റെയും എലത്തൂർ ഇൻസ്പെക്ടർ കെ.ആർ.രഞ്ജിത്തിന്റെയും നേതൃത്വത്തിൽ തഹസിൽദാർ എ.എം.പ്രേംലാൽ, ഫൊറൻസിക് വിദഗ്ധർ, മറ്റു പോലീസ് ഉദ്യോഗസ്ഥർ എന്നിവരാണ് തിരച്ചിലിൽ പങ്കെടുത്തത്.
2019 മാർച്ച് 24നു വീട്ടിൽ നിന്നു ബൈക്കിൽ പോയ ശേഷം കാണാതായ വിജിൽ (29) അമിതമായി ലഹരിമരുന്ന് ഉള്ളിൽചെന്നു മരിച്ചതായും തുടർന്ന് സുഹൃത്തുക്കൾ മൂന്നു പേർ ചേർന്നു തെളിവു നശിപ്പിക്കാൻ ചതുപ്പിൽ താഴ്ത്തിയെന്നുമാണ് കേസ്. കേസിലെ രണ്ടാം പ്രതി പൂവാട്ടുപറമ്പ് സ്വദേശി രഞ്ജിത്ത് ഒളിവിലാണ്. നരഹത്യ, സംഘം ചേർന്നുള്ള കുറ്റകൃത്യം, തെളിവു നശിപ്പിക്കൽ, മൃതദേഹത്തോട് അനാദരവ് കാണിക്കൽ എന്നീ കുറ്റങ്ങൾ ആരോപിച്ചാണു പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അമിതമായ തോതിൽ ലഹരിമരുന്നു കുത്തിവച്ചതിനെ തുടർന്നു മരിച്ച വിജിലിനെ സരോവരം തണ്ണീർതടത്തിലെ 30 മീറ്റർ നീളത്തിലുള്ള കുഴിയിലെ ചതുപ്പിൽ കെട്ടിത്താഴ്ത്തി എന്നാണ് അറസ്റ്റിലായ പ്രതികളുടെ മൊഴിനൽകിയിരുന്നു.