തിരുവനന്തപുരം: മാറാനല്ലൂരിൽ ആളുമാറി വീട് കയറിയതു ചോദ്യം ചെയ്ത യുവാക്കൾക്കു നേരെ പോലീസ് നടത്തിയത് സമാനതകളില്ലാത്ത ക്രൂരമർദനം. കഴിഞ്ഞ ഡിസംബറിൽ മൂന്നു യുവാക്കളെ മാറാനല്ലൂർ സിഐ ഷിബുവും എസ്ഐ കിരണും ചേർന്നു ക്രൂരമായി മർദിച്ചെന്നും കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചെന്നും ബന്ധുക്കൾ ആരോപിച്ചു.
ആളുമാറി വീട് കയറിയതു ചോദ്യം ചെയ്ത മാറനല്ലൂർ കോട്ടുമുകൾ സ്വദേശികളും സഹോദരങ്ങളുമായ ശരത്, ശരൺ, സുഹൃത്ത് വിനു എന്നിവർക്കാണ് അതിക്രൂരമായ സ്റ്റേഷൻ മർദനം ഏൽക്കേണ്ടി വന്നത്.
സംഭവം ഇങ്ങനെ- കഴിഞ്ഞ ഡിസംബർ 22ന് രാത്രി മൂവരും വീടിനു മുന്നിൽ ഇരിക്കുമ്പോൾ അയൽവാസിയായ വിനോദിന്റെ വീടിന്റെ മതിൽ ചാടിക്കടന്ന് നാലുപേർ അകത്തേക്കു കടക്കുന്നതു കണ്ടു. അവരെ തടഞ്ഞുനിർത്തി കാര്യം ചോദിക്കുന്നതിനിടെ വീടിനുള്ളിൽനിന്ന് യൂണിഫോമിൽ എസ്‌ഐ പുറത്തേക്കു ഇറങ്ങി.
അപ്പോഴാണു മതിൽചാടിയത് മഫ്തിയിലുള്ള പോലീസുകാരാണെന്നും കഞ്ചാവു കേസുമായി ബന്ധപ്പെട്ട അന്വേഷണമാണു നടക്കുന്നതെന്നും യുവാക്കൾ അറിയുന്നത് അപ്പോഴാണ്. എന്നാൽ പോലീസ് യുവാക്കളെ കസ്റ്റഡിയിൽ എടുത്ത് സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. തുടർന്ന് രണ്ടു ദിവസം ക്രൂരമർദനമായിരുന്നു. കൂടാതെ പോലീസിന്റെ ജോലി തടസപ്പെടുത്തിയെന്നു കേസെടുത്ത് ജയിലിലാക്കുകയും ചെയ്തു.
പോലീസ് യുവക്കാളെ കസ്റ്റഡിയിലെടുത്ത ശേഷം കാലിന്റെ ഇടയിൽ തല പിടിച്ചുവച്ച ശേഷം തേങ്ങ കൊണ്ടു പുറത്തിടിച്ചെന്ന് യുവാക്കൾ പറഞ്ഞു. കണ്ണിലും വായിലും കുരുമുളകു സ്‌പ്രേ അടിച്ചു. സിഐ ഷിബു സ്വകാര്യഭാഗത്തു പിടിച്ചു വലിച്ചു സ്‌പ്രേ അടിച്ചു. സിഐ കൈമുട്ട് വച്ചാണു പുറത്തിടിച്ചത്. പോലീസുകാർ പിടിച്ചു കുനിച്ചു നിർത്തി കൊടുക്കും. സിഐ മടുക്കുമ്പോൾ എസ്‌ഐ വരും. അതിനുശേഷം അഖിൽ എന്ന പോലീസുകാരനും ഇടിച്ചുവെന്നും യുവാക്കൾ പറഞ്ഞു. ഇവരെ കസ്റ്റഡിയിൽ എടുക്കുന്നതു തടയാൻ ശ്രമിച്ച ശരത്തിന്റെയും ശരണിന്റെയും മാതാപിതാക്കളെയും പോലീസ് മർദിച്ചെന്നു പരാതിയുണ്ട്.
എന്നാൽ പിന്നീട് കഞ്ചാവ് കണ്ടെത്താൻ പോലീസ് വിനോദിന്റെ വീട്ടിൽ കയറിയതും ആളു മാറിയാണെന്നു ബോധ്യമായി. ജയിലിൽ ആയതോടെ യുവാക്കളുടെ ജീവിതവും ബിസിനസുമടക്കം പ്രതിസന്ധിയിലായി. ഇവർ നിയമനടപടികൾ സ്വീകരിച്ചതിനു പിന്നാലെ സിഐ ഷിബുവും എസ്ഐ കിരണും ഒത്തുതീർപ്പിന് എത്തിയെങ്കിലും വഴങ്ങാതെ മുന്നോട്ടുപോകാനാണ് യുവാക്കളുടെ തീരുമാനം.