തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായ ലൈംഗിക അപവാദക്കേസിന്റെ ഗൂഢാലോചനയിൽ പങ്കുകാരായത് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ചേർന്നാണെന്ന് യൂത്ത് കോൺഗ്രസ് വനിതാ നേതാവ് മൊഴികൊടുത്തെന്ന രീതിയിൽ വന്ന വാർത്ത വ്യാജമാണെന്ന് യൂത്ത് കോൺഗ്രസ് ഫേസ്ബുക്ക് പോസ്റ്റ്. കോൺഗ്രസ് നേതാക്കൾക്കെതിരെ അടിസ്ഥാനരഹിതമായ പരാതി കൊടുത്തത് ജീന സജി തോമസ് എന്നയാളാണെന്നും ഇവർക്ക് യൂത്ത് കോൺഗ്രസുമായി യാതൊരു ബന്ധവുമില്ലെന്നും യൂത്ത് കോൺഗ്രസ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
കൂടാതെ ഇവർ നിരവധി സാമ്പത്തികത്തട്ടിപ്പ് കേസുകളിൽ പ്രതി ആയിട്ടുള്ള ജീനയ്‌ക്കെതിരേ 2021-ൽ ചിങ്ങവനം പോലീസ് വഞ്ചനാകുറ്റത്തിന് കേസ് എടുത്തിട്ടുള്ളതാണെന്നും കാനഡയിൽ നഴ്‌സ് ആയി ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് 13 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതിനാണ് ഇവർക്കെതിരെ കേസെടുത്തതെന്നും ഫേസ്ബുക്ക് കുറിപ്പിലുണ്ട്. യൂത്ത് കോൺഗ്രസ് പോലൊരു സംഘടനയുടെ ഭാരവാഹിയായി ചമഞ്ഞ് വ്യാജ പരാതി നൽകിയത് ആൾമാറാട്ട കുറ്റമാണ്. ഇവർക്കെതിരെ ഡിജിപിക്ക് രേഖാമൂലം പരാതി നൽകാനാണ് തീരുമാനം. യൂത്ത് കോൺഗ്രസ് ഭാരവാഹി എന്ന ചമഞ്ഞ് ആരെങ്കിലും ഒരു പരാതി കൊടുത്താൽ യൂത്ത് കോൺഗ്രസ് ഭാരവാഹി നേതാക്കൾക്കെതിരെ മൊഴി കൊടുത്തു എന്ന നിലയിൽ വാർത്ത നൽകുന്നവരും ഇക്കാര്യങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും കുറിപ്പിൽ പറയുന്നു.
യൂത്ത് കോൺഗ്രസ് കേരളയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
രാഹുൽ മാങ്കുട്ടം ലൈംഗിക അപവാദ കേസിൽ ഗൂഢാലോചനയിൽ പങ്കുകാരായത് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗമായ രമേശ് ചെന്നിത്തലയും ആണെന്ന് യൂത്ത് കോൺഗ്രസ് വനിതാ നേതാവും മൊഴി കൊടുത്തു എന്ന രീതിയിൽ വന്ന വാർത്ത അടിമുടി വ്യാജമാണ്. കോൺഗ്രസ് നേതാക്കൾക്കെതിരെ അടിസ്ഥാന രഹിതമായ പരാതി കൊടുത്തിട്ടുള്ളത് ജീന സജി തോമസ് എന്ന വ്യക്തിയാണ്. ഇവർ യൂത്ത് കോൺഗ്രസിന്റെ ഭാരവാഹി അല്ല എന്ന് മാത്രമല്ല യൂത്ത് കോൺഗ്രസുമായി ഇവർക്ക് യാതൊരു ബന്ധവും ഇല്ല. നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതി ആയിട്ടുള്ള ഇവർക്കെതിരെ 2021ൽ ചിങ്ങവനം പോലീസ് വഞ്ചന കുറ്റത്തിന് കേസ് എടുത്തിട്ടുള്ളതാണ്. കാനഡയിൽ നേഴ്‌സ് ആയി ജോലി വാങ്ങി തരാം എന്ന് കാട്ടി 13 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതിനാണ് ഇവർക്കെതിരെ കേസെടുത്തത്. എഫ്‌ഐആർ ഈ പോസ്റ്റിന് ഒപ്പം ചേർക്കുന്നുണ്ട്.
കോൺഗ്രസ് പ്രവർത്തകരുടെ ആത്മവീര്യം തകർക്കുവാനും കോൺഗ്രസ് പാർട്ടിക്കുള്ളിൽ ആഭ്യന്തര തർക്കമുണ്ടെന്ന് വരുത്തിതീർക്കുവാനും സമുന്നതരായ കോൺഗ്രസ് നേതാക്കളെ സംശയ നിഴലിൽ നിർത്തുവാനുമുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ ഓരോ പ്രവർത്തകരും ജാഗ്രത പുലർത്തേണ്ട സമയമാണിത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളെ നിയന്ത്രിക്കുന്ന ബിജെപിയും സിപിഎമ്മിനും വേണ്ടി വീടുപണി ചെയ്യുന്ന ഇത്തരക്കാർ ഭരണകൂടങ്ങളുടെ കൊള്ളരുതായ്മകൾ മറക്കുവാനും കോൺഗ്രസിനെ സംശയ നിഴലിൽ നിർത്തുന്നതിനും ആരുടെയെങ്കിലും അച്ചാരം വാങ്ങിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കേണ്ടതാണ്.
യൂത്ത് കോൺഗ്രസ് പോലൊരു സംഘടനയുടെ ഭാരവാഹിയായി ചമഞ്ഞ് വ്യാജ പരാതി നൽകിയത് ആൾമാറാട്ട കുറ്റമാണ്. ഇവർക്കെതിരെ ഡിജിപിക്ക് രേഖാമൂലം പരാതി നൽകാനാണ് തീരുമാനം. യൂത്ത് കോൺഗ്രസ് ഭാരവാഹി എന്ന ചമഞ്ഞ് ആരെങ്കിലും ഒരു പരാതി കൊടുത്താൽ യൂത്ത് കോൺഗ്രസ് ഭാരവാഹി നേതാക്കൾക്കെതിരെ മൊഴി കൊടുത്തു എന്ന നിലയിൽ വാർത്ത നൽകുന്നവരും ഇക്കാര്യങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് അഭ്യർത്ഥിക്കുന്നു. മാധ്യമങ്ങൾക്ക് ഇത്തരം വാർത്തകൾ ചോർത്തി നൽകി കോൺഗ്രസിനെ അപകീർത്തിപ്പെടുത്തുവാൻ ശ്രമിക്കുന്നത് ക്രൈം ബ്രാഞ്ച് ആണെങ്കിൽ ഈ അന്വേഷണസംഘത്തിന്റെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
ക്രിമിനലുകളെ സംരക്ഷിക്കുകയും തീറ്റിപ്പോറ്റുകയും ചെയ്യുന്ന ഒരു ഭരണകൂടവും ഭരണകക്ഷിയായ പാർട്ടിയും അത്തരക്കാരെ രാഷ്ട്രീയ എതിരാളികളെ താറടിക്കുവാൻ ഉപയോഗിക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ സംഭവം. നഗ്‌നമായ അധികാര ദുർവിനിയോഗവും, സത്യപ്രതിജ്ഞ ലംഘനവും ആണ് പിണറായി സർക്കാരും അതിലെ ഓരോ അംഗങ്ങളും നടത്തുന്നത്. കേരളം കട്ടുമുടിച്ച് ഭരണത്തിൽ തുടരുവാൻ സിപിഎം ഇതിനപ്പുറവും കാണിക്കും എന്നും, അവരെ ഇതിനു സഹായിക്കുവാൻ ബിജെപി എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാകുമെന്നും ജനങ്ങളെ ബോധ്യപ്പെടുത്തുവാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് യൂത്ത് കോൺഗ്രസിന്റെ ഓരോ പ്രവർത്തകരും നേതാക്കളും തെരുവിലിറങ്ങേണ്ട സമയമായി എന്ന ഓർമ്മപ്പെടുത്തലുമായി ഈ കുറിപ്പ് അവസാനിപ്പിക്കുകയാണ്.
സുബിൻ മാത്യു
സംസ്ഥാന ജനറൽ സെക്രട്ടറി
ഇന്ത്യൻ യൂത്ത് കോൺഗ്രസ്