വാഷിങ്ടണ്‍: ഖത്തറില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുത്ത അസന്തുഷ്ടനെന്ന് റിപ്പോര്‍ട്ട്. ഇസ്രയേല്‍ ആക്രമണത്തെക്കുറിച്ച് കഴിഞ്ഞദിവസം മാധ്യമങ്ങളോട് സംസാരിച്ചപ്പോഴും അദ്ദേഹം തന്റെ അതൃപ്തി പങ്കുവെച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
ഈ സാഹചര്യം തന്നെ പുളകം കൊള്ളിക്കുന്നില്ലെന്നാണ് ട്രംപ് കഴിഞ്ഞദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്. ”ഇത് നല്ല ഒരു സാഹചര്യമല്ല. പക്ഷേ, ബന്ദികളെ തിരികെ കൊണ്ടുവരണമെന്നതാണ് ഞങ്ങളുടെ ആഗ്രഹമെന്ന് ഞാന്‍ പറയും. പക്ഷേ, ഇന്ന് സംഭവിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷമില്ല”, ട്രംപ് പറഞ്ഞു.കഴിഞ്ഞദിവസത്തെ ആക്രമണം നടത്താനുള്ള തീരുമാനം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റേതാണെന്നും തന്റെ തീരുമാനമല്ലെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം.
ആക്രമണത്തെക്കുറിച്ച് യുഎസ് സൈന്യം അറിയിച്ചപ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നെന്നും അമേരിക്കയുടെ ശക്തമായ സഖ്യകക്ഷിയായ ഖത്തറില്‍ ഇസ്രയേല്‍ ഏകപക്ഷീയമായ ബോംബാക്രമണം നടത്തുന്നത് ഇസ്രയേലിന്റെയോ അമേരിക്കയുടേയോ ലക്ഷ്യങ്ങളെ മുന്നോട്ടുനയിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത്തരമൊരു ആക്രമണം ഇനിയുണ്ടാകില്ലെന്ന് ഉറപ്പുനല്‍കാനായി ഖത്തര്‍ പ്രധാനമന്ത്രിയുമായും അമീറുമായും ഫോണില്‍ സംസാരിച്ചെന്നും ട്രംപ് വ്യക്തമാക്കി.
അതിനിടെ, യുഎസ് സഖ്യകക്ഷിയായ ഖത്തറിന് നേരേ ഇസ്രയേല്‍ നടത്തിയ ആക്രമണം ഡൊണാള്‍ഡ് ട്രംപിന്റെ പ്രതിച്ഛായയെ വളരെ മോശമായി ബാധിച്ചേക്കാമെന്നാണ് യുഎസ് മാധ്യമങ്ങളുടെ വിലയിരുത്തലുകള്‍.