തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർ ഇൻ ചാർജ് സ്ഥാനത്ത് നിന്ന് മിനി കാപ്പനെ മാറ്റി. കാര്യവട്ടം ക്യാമ്പസ് ജോ. രജിസ്ട്രാർ രശ്മിക്കാണ് പകരം ചുമതല. ഇടത് അംഗങ്ങളുടെ ആവശ്യം അംഗീകരിച്ച് വൈസ് ചാൻസലറുടേതായിരുന്നു തീരുമാനം. നിലവിൽ യോഗത്തിൽ മിനി കാപ്പൻ പങ്കെടുക്കുന്നുണ്ട്. സിൻഡിക്കേറ്റ് യോഗത്തിന് പിന്നാലെ മിനി കാപ്പൻ ചുമതല ഒഴിയും.
അതേസമയം സിൻഡിക്കേറ്റ് യോഗം ആരംഭിച്ചയുടൻ മിനി കാപ്പനെതിരെ ഇടത് അംഗങ്ങൾ പ്രതിഷേധം നടത്തിയിരുന്നു. സിൻഡിക്കറ്റ് അറിയാതെ വിസി സ്വന്തം നിലയ്ക്ക് നിയമിച്ച അനധികൃത രജിസ്ട്രാറാണ് മിനി കാപ്പനെന്നായിരുന്നു സിൻഡിക്കറ്റ് അംഗങ്ങളുടെ വാദം. പ്രതിഷേധം കനത്തതോടെ ഇടത് സിൻഡിക്കറ്റ് അംഗങ്ങളുടെ ആവശ്യം വിസി അംഗീകരിക്കുകയായിരുന്നു. തീരുമാനം ഔദ്യോഗികമാകുന്നതോടെ മിനി കാപ്പൻ ചുമതലയിൽ നിന്ന് ഒഴിയും.
നേരത്തെ കേരള സർവകലാശാല രജിസ്ട്രാർ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മിനി കാപ്പൻ തന്നെ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന് കത്തയച്ചിരുന്നു. പദവി ഏറ്റെടുക്കാൻ താൽപര്യമില്ലെന്ന് അറിയിച്ചാണ് വിസിക്ക് കത്ത് നൽകിയത്. സർവകലാശാല സെനറ്റ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങളായിരുന്നു സർവകലാശാലയിലെ രജിസ്ട്രാർ ചുമതലയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് തുടക്കമിട്ടത്.
രജിസ്ട്രാർ മോഹനൻ കുന്നുമ്മലിനെ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നിർദേശ പ്രകാരം വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ സസ്പെൻഡ് ചെയ്തിരുന്നു. ‘അടിയന്തരാവസ്ഥയുടെ അൻപതാണ്ടുകൾ’ എന്ന പേരിൽ പത്മനാഭ സേവാഭാരതി എന്ന സംഘടന സംഘടിപ്പിച്ച പരിപാടിയിൽ കാവിക്കൊടിയേന്തിയ വനിതയുടെ ചിത്രം പ്രദർശിപ്പിച്ചതായിരുന്നു വിവാദങ്ങൾക്ക് കാരണമായത്.
അന്നു പരിപാടിക്ക് രജിസ്ട്രാർ അനുമതി നിഷേധിച്ചിരുന്നു. എന്നാൽ ഇത് മറികടന്ന് ഗവർണർ ചടങ്ങിൽ പങ്കെടുത്തു. ഇതിന് പിന്നാലെ പരിപാടിക്ക് രജിസ്ട്രാർ എന്തുകൊണ്ട് അനുമതി നിഷേധിച്ചുവെന്ന് വ്യക്തമാക്കണമെന്ന് കാണിച്ച് ഗവർണർ വൈസ് ചാൻസലറോട് റിപ്പോർട്ട് തേടി. ഈ റിപ്പോർട്ട് പരിഗണിച്ചേ രജിസ്ട്രാറെ സസ്പെൻഡ് ചെയ്തിരുന്നു.
പിന്നീടങ്ങോട്ട് സർവകലാശാലയിൽ നടന്നത് അസാധാരണ നടപടികളായിരുന്നു. അസിസ്റ്റന്റ് രജിസ്ട്രാറായിരുന്ന മിനി കാപ്പന് വിസി രജിസ്ട്രാറുടെ പകരം ചുമതല നൽകി. ഒടുവിൽ വിഷയം ഹൈക്കോടതിയുടെ പരിഗണനയിൽ എത്തുകയും അനിൽകുമാറിന് അനുകൂലമായി ഹൈക്കോടതി ഉത്തരവിറക്കുകയും ചെയ്തിരുന്നു. എന്നാൽ തുടർ നടപടികൾ സ്വീകരിക്കാൻ വൈസ് ചാൻസലർ തയ്യാറായില്ല. അതേസമയം അനിൽകുമാർ ഇപ്പോഴും സസ്പെൻഷനിൽ തുടരുകയാണ്.