വാഷിങ്ടൺ: സ്വകാര്യ- കുടുംബ താൽപര്യങ്ങൾക്ക് വേണ്ടിയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയുമായുള്ള ബന്ധം ബലികഴിച്ചതെന്ന ഗുരുതര ആരോപണവുമായി മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ. പാക്കിസ്ഥാനിലുള്ള തന്റെ കുടുംബത്തിന്റെ ബിസിനസ് ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ട്രംപ് ഇങ്ങനെയൊരു കടുംകൈയ്ക്ക് മുതിർന്നത് എന്നാണ് ജെയ്കിന്റെ വെളിപ്പെടുത്തൽ. മെയ്ദാസ്ടച്ച് എന്ന യൂട്യൂബ് ചാനലിൽ അതിഥിയായി എത്തിയപ്പോഴാണ് അഭിഭാഷകൻ കൂടിയായ സള്ളിവൻ ആരോപണം ഉന്നയിച്ചത്.
‘പതിറ്റാണ്ടുകളായി, കക്ഷിഭേദമന്യേ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ യുഎസ് പ്രവർത്തിച്ചുവരികയായിരുന്നു. സാങ്കേതികവിദ്യ, പ്രതിഭ, സാമ്പത്തികം, ചൈനയുടെ തന്ത്രപരമായ നീക്കങ്ങളെ പ്രതിരോധിക്കൽ എന്നിവയിൽ യുഎസുമായി ഒരുമിച്ച് നിൽക്കേണ്ട രാജ്യമാണ് ഇന്ത്യ. ഈ രംഗത്ത് കാര്യമായ പുരോഗതിയും യുഎസ് കൈവരിച്ചിരുന്നു.’
‘പക്ഷെ, ട്രംപിന്റെ കുടുംബവുമായി ബിസിനസ് ഇടപാടുകളിൽ ഏർപ്പെടാൻ പാക്കിസ്ഥാൻ കാണിക്കുന്ന സന്നദ്ധതയ്ക്കാണ് ട്രംപ് പ്രാധാന്യം കൊടുക്കുന്നത്. ട്രംപ് ഇന്ത്യയുമായുള്ള ബന്ധത്തെ അവഗണിച്ചതിനുള്ള പ്രധാന കാരണം ഇതാണ്. എന്നാൽ നയതന്ത്രപരമായി ഇതൊരു വലിയ തിരിച്ചടിയാണ്. കാരണം, യുഎസിന്റെ സുപ്രധാനമായ പല താൽപര്യങ്ങളും സംരക്ഷിക്കുന്നതിന് ശക്തമായ ഇന്ത്യ-യുഎസ് പങ്കാളിത്തം അത്യന്താപേക്ഷിതമാണ്.’ അദ്ദേഹം കൂട്ടിച്ചേർത്തു. അതേപോലെ ട്രംപിന്റെ വിദേശനയങ്ങളിലെ മറ്റാരും കാണാത്ത ഇരുണ്ടവശമായാണ് മുൻ അമേരിക്കൻ പ്രസിഡന്റ് ബൈഡന്റെ കാലത്തെ ഈ ഉദ്യോഗസ്ഥൻ വിശേഷിപ്പിച്ചത്.
അതേസമയം ഇന്ത്യക്കുമേൽ 50% തീരുവ ചുമത്താനായി വ്യാപാര കമ്മി, റഷ്യൻ എണ്ണ വാങ്ങൽ എന്നിവയാണ് യുഎസ് കാരണമായി പറയുന്നത്. എന്നാൽ, അന്താരാഷ്ട്ര മാധ്യമങ്ങൾ പരസ്യമാക്കിയതുപോലെ, നാല് ദിവസം നീണ്ട ഇന്ത്യ- പാക് യുദ്ധത്തിൽ മധ്യസ്ഥത വഹിച്ചെന്ന ട്രംപിന്റെ നുണയെ ഇന്ത്യ തുറന്നുകാട്ടിയതാണ് അമേരിക്കൻ പ്രസിഡന്റിനെ പ്രകോപിപ്പിച്ചത്. മറുവശത്ത്, പാക്കിസ്ഥാൻ ട്രംപിനെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യുക മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബത്തെയും കൂട്ടാളികളെയും തങ്ങളുടെ പുതിയ പാക്കിസ്ഥാൻ ക്രിപ്‌റ്റോ കൗൺസിലിൽ പങ്കാളികളാക്കുകയും ചെയ്തു.
പഹൽഗാം ആക്രമണം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് ട്രംപിന്റെ കുടുംബത്തിന്റെ പിന്തുണയുള്ള വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ, പാക്കിസ്ഥാൻ ക്രിപ്‌റ്റോ കൗൺസിലുമായി കരാറിൽ ഒപ്പുവെച്ചത്. ഇന്ത്യക്കെതിരെ, പാക്കിസ്ഥാനെ ട്രംപ് അനുകൂലിച്ചതിന്റെ ഫലമായാണ് ഒരു പാക്കിസ്ഥാനി സംരംഭത്തിലുള്ള ട്രംപ് കുടുംബത്തിന്റെ ഈ പങ്കാളിത്തത്തെ സള്ളിവൻ ഉൾപ്പെടെയുള്ള വിദഗ്ധർ കാണുന്നത്.
‘ജർമ്മനിയോ ജപ്പാനോ കാനഡയോ ആണെന്ന് സങ്കൽപ്പിക്കുക, ഇത് നടക്കുന്നത് കാണുമ്പോൾ, ‘നാളെ ഇത് നമ്മളാവാം’ എന്ന് അവർ ചിന്തിക്കും. യുഎസിനെതിരെ ഒരു പ്രതിരോധം തീർക്കണമെന്ന ആശയം ഇത് ശക്തിപ്പെടുത്തും. നമ്മുടെ സഖ്യകക്ഷികൾക്ക് ഒരു തരത്തിലും ഞങ്ങളെ ആശ്രയിക്കാൻ കഴിയില്ലെന്ന് ബോധ്യമായാൽ, അത് അമേരിക്കൻ ജനതയുടെ ദീർഘകാല താൽപ്പര്യങ്ങൾക്ക് നല്ലതല്ല.’ ട്രംപ് ഇന്ത്യയുമായുള്ള ബന്ധം തകർത്തതിനെക്കുറിച്ച് സള്ളിവൻ പറഞ്ഞു.
ഇന്ത്യ- യുഎസ് ബന്ധത്തിൽ ഇപ്പോൾ സംഭവിക്കുന്ന കാര്യങ്ങൾ, ലോകമെമ്പാടുമുള്ള അമേരിക്കയുടെ എല്ലാ ബന്ധങ്ങളിലും പങ്കാളിത്തങ്ങളിലും നേരിട്ടും അല്ലാതെയുമുള്ള പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും സള്ളിവൻ മുന്നറിയിപ്പ് നൽകി.