ഡീർ അൽ ബലാ: ഗാസ മുനമ്പിലെ സുപ്രധാന ആശുപത്രിക്ക് നേരെ ഇസ്രയേൽ ആക്രമണം. അഞ്ച് മാധ്യമ പ്രവത്തകർ അടക്കം 20 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ മിസൈൽ ആക്രമണത്തിലാണ് 20 പേർ കൊല്ലപ്പെട്ടത്. 22 മാസം നീണ്ട ഗാസ ആക്രമണത്തിലെ ആശുപത്രികൾക്കും മാധ്യമപ്രവർത്തകർക്കും നേരെയുണ്ടായ ഇസ്രയേലിന്റെ ഏറ്റവും വലിയ ആക്രമണമാണ് തിങ്കളാഴ്ച രാത്രിയുണ്ടായതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഖാൻ യൂനിസിലെ നാസർ ആശുപത്രിക്ക് നേരെയായിരുന്നു ആദ്യത്തെ ആക്രമണം. മിനിറ്റുകൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകരുണ്ടായിരുന്ന മേഖലയിലേക്ക് രണ്ടാമത്തെ മിസൈൽ എത്തുകയായിരുന്നുവെന്നാണ് നാസർ ആശുപത്രിയിലെ ശിശുരോഗ വിഭാഗം ഡോ. അഹമ്മദ് അൽ ഫറ വിശദമാക്കുന്നത്. തെക്കൻ ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയാണ് നാസർ ആശുപത്രി. 22 മാസത്തിനിടയിൽ നിരവധി തവണ ഇസ്രയേൽ ആക്രമണം നേരിട്ട ആശുപത്രിയിൽ അവശ്യ സാധനങ്ങളുടേതടക്കം വിതരണം തടസപ്പെട്ടിട്ടുണ്ട്. മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടതായുള്ള റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ സംഭവത്തിൽ അന്വേഷണം നടത്തുമെന്നാണ് ഇസ്രയേൽ സൈന്യം വിശദമാക്കുന്നത്. ഗാസയിലെ ആശുപത്രിയിൽ സംഭവിച്ച ദാരുണമായ അപകടത്തിൽ അഗാധമായി ഖേദിക്കുന്നുവെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയിൽ വിശദമാക്കിയത്.
മാധ്യമ പ്രവർത്തകർ, ആശുപത്രി ജീവനക്കാർ എന്നിവരുടെ സേവനം ഇസ്രയേൽ മാനിക്കുന്നു. തങ്ങളുടെ യുദ്ധം ഹാമാസിന് എതിരാണ്. ബന്ദികളാക്കപ്പെട്ടവരെ അവരുടെ വീടുകളിൽ എത്തിക്കും വരെ പോരാട്ടം തുടരുമെന്നും ഇസ്രയേൽ വിശദമാക്കുന്നു. റോയിട്ടേഴ്സ് മാധ്യമ പ്രവർത്തകൻ ഹൊസം അൽ മാസ്രി, അൽ ജസീറയുടെ മാധ്യമ പ്രവർത്തകനായ മൊഹമ്മദ് സലാമ , സ്വതന്ത്ര മാധ്യമപ്രവർത്തകരായ മറിയം അബു ദഖ, മോസ് അബു താഹ, അഹമ്മദ് അബു അസീസ് എന്നിവരുൾപ്പെടെയാണ് കൊല്ലപ്പെട്ടിട്ടുള്ളത്. അഹു ദഖ ഗാസയിൽ യുദ്ധം ആരംഭിച്ച സമയം മുതൽ വാർത്താ ഏജൻസിയായ എപിക്ക് വേണ്ടിയാണ് പ്രവർത്തിച്ചിരുന്നത്.