ന്യൂഡൽഹി: യുഎസിലേക്കുള്ള പോസ്റ്റൽ സർവീസുകൾ താൽകാലികമായി അവസാനിപ്പിക്കുകയാണെന്ന് ഇന്ത്യ. യുഎസിന്റെ പുതിയ കസ്റ്റംസ് നയങ്ങളെത്തുടർന്നാണ് ഈ തീരുമാനം. 800 ഡോളർ വരെ വില മതിക്കുന്ന കുറഞ്ഞ വിലയുള്ള വസ്തുക്കൾ യുഎസിലേക്ക് അയയ്ക്കുന്നതിന് അനുവദിച്ചിരുന്ന തീരുവ ഇളവ് ജൂലൈ 30ന് യുഎസ് റദ്ദാക്കിയിരുന്നു.
ഈ തീരുവ പിൻവലിക്കൽ ഓഗസ്റ്റ് 29നാണ് നിലവിൽ വരുന്നത്. ഇതോടെ ഏതു മൂല്യത്തിലുള്ള വസ്തുവും യുഎസിലേക്ക് അയയ്ക്കുന്നതിന് ഇന്റർനാഷനൽ എമർജൻസി ഇക്കണോമിക് പവർ ആക്ട് പ്രകാരമുള്ള തീരുവ നൽകേണ്ടി വരുമെന്ന് പോസ്റ്റൽ വിഭാഗം ഇന്നു പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞു. അതേസമയം 100 ഡോളർ വരെയുള്ള ഗിഫ്റ്റ് വസ്തുക്കൾക്കുള്ള ഇളവ് തുടരും.
പുതിയ ഉത്തരവു പ്രകാരം തിങ്കളാഴ്ച മുതൽ യുഎസിലേക്ക് തപാൽ മുഖാന്തിരം അയയ്ക്കുന്ന എല്ലാ വസ്തുക്കളുടെയും ബുക്കിങ് റദ്ദാക്കുമെന്ന് പോസ്റ്റൽ വിഭാഗം അറിയിച്ചു. എന്നാൽ കത്തുകൾ, രേഖകൾ തുടങ്ങിയവ പതിവുപോലെ തന്നെ തപാലിലൂടെ അയയ്ക്കാനാകുമെന്നും ഉത്തരവിൽ പറയുന്നു.