ന്യൂഡൽഹി: പണസമ്പാദനം ലക്ഷ്യമിട്ടുള്ള ഓൺലൈൻ മണി ഗെയിമുകൾക്കു അവസാനം. ഇത്തരം ഗെയിമുകൾ രാജ്യത്ത് നിരോധിക്കാനുള്ള ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ ഓൺലൈൻ മണി ഗെയിം കമ്പനികൾ പ്രവർത്തനം അവസാനിപ്പിച്ചു തുടങ്ങി. ഡ്രീം11 ഗെയിമിങ് പ്ലാറ്റ്ഫോമിനു പുറമേ മൊബൈൽ പ്രീമിയർ ലീഗ്, പോക്കർബാസി, മൈ11സർക്കിൾ, സുപ്പി, വിൻസോ, പ്രോബോ തുടങ്ങിയ കമ്പനികളും പ്രവർത്തനം അവസാനിപ്പിക്കുന്നതായി അറിയിപ്പു നൽകി തുടങ്ങി. നിയമം വിജ്ഞാപനം ചെയ്യുന്നതിനു മുൻപ് തന്നെ മിക്ക കമ്പനികളും ഇത്തരം ഗെയിമുകൾ അവസാനിപ്പിക്കാൻ തീരുമാനമെടുത്തുകഴിഞ്ഞു.
അതുപോലെ പണം കൃത്യമായി മടക്കിനൽകുമെന്ന് പല കമ്പനികളും അറിയിപ്പുനൽകുന്നുണ്ട്. മണി ഗെയിമിങ്ങിൽ മാത്രം ശ്രദ്ധയൂന്നുന്ന കമ്പനികൾ പൂട്ടേണ്ടി വരും. ചില കമ്പനികൾക്ക് ഇതര ഗെയിമിങ് ബിസിനസ് ഉണ്ടെങ്കിലും അതൊന്നും കാര്യമായ ലാഭം നൽകുന്നവയായിരുന്നില്ല. പണസമ്പാദനം ലക്ഷ്യമിട്ടുള്ള ഓൺലൈൻ മണി ഗെയിമുകൾ രാജ്യത്ത് നിരോധിക്കാനുള്ള ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ നിയമമായി. എന്നാൽ ഇത് പ്രാബല്യത്തിലാകുന്ന തീയതി സംബന്ധിച്ച് കേന്ദ്രം പ്രത്യേക വിജ്ഞാപനമിറക്കും.
നിലവിലുള്ള ഗെയിമിങ് കമ്പനികൾക്ക് പ്രവർത്തനം അവസാനിപ്പിച്ച് ഉപയോക്താക്കൾക്ക് പണം തിരികെ നൽകാൻ ഒരു മാസം വരെ സമയം നൽകുമെന്ന് സൂചനയുണ്ട്. അതേസമയം നിയമം ഉടൻ പ്രാബല്യത്തിലാക്കിയാൽ ഇത്തരം റീ ഫണ്ട് പോലും നിയമവിരുദ്ധമായി മാറാം. നിയമമനുസരിച്ച് നിരോധനത്തിനു ശേഷവും ഓൺലൈൻ മണി ഗെയിമുകൾ നടത്തുന്നവർക്കും പണമിടപാടുകൾക്ക് സൗകര്യമൊരുക്കുന്ന ധനകാര്യസ്ഥാപനങ്ങൾക്കും 3 വർഷം വരെ തടവോ ഒരു കോടി രൂപ വരെ പിഴയോ ലഭിക്കാം.