കൊച്ചി: പറവൂരിൽ പലിശക്കാരുടെ ഭീഷണിയെത്തുടർന്ന് വീട്ടമ്മ പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥനും ഭാര്യയ്ക്കുമെതിരെ ആരോപണം. കോട്ടുവള്ളി സ്വദേശിനി ആശാ ബെന്നിയാണ് മരിച്ചത്. ആശയുടെ മരണത്തിൽ റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥൻ പ്രദീപിനും ഭാര്യ ബിന്ദുവിനുമെതിരേയാണ് ബന്ധുക്കളുടെ ആരോപണം.
ആശ പത്തുലക്ഷം രൂപ കടംവാങ്ങിയെന്നാണ് പ്രദീപും ഭാര്യയും പറഞ്ഞതെന്ന് ആശയുടെ ഭർത്താവ് ബെന്നി പറയുന്നു. ഇവരു പറയുമ്പോഴാണ് ഈ കാര്യം താൻ അറിയുന്നതെന്നും ആശയോടു ചോദിച്ചപ്പോൾ പണവും പലിശയും ഉൾപ്പെടെ 35 ലക്ഷത്തോളം രൂപ മടക്കികൊടുത്തുവെന്ന് പറഞ്ഞിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ബിസിനസ് ആവശ്യത്തിനായാണ് ആശ രണ്ടുതവണയായി അഞ്ചുലക്ഷംരൂപവീതം വാങ്ങിയതെന്നാണ് സൂചന.
ഇതിനിടെ പണമിടപാട് വിഷയവുമായി ബന്ധപ്പെട്ട് മുൻപും ആശ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അന്ന് നാല് ദിവസം ആശുപത്രിയിൽ കഴിയേണ്ടിവന്നു. സംഭവത്തിൽ പരാതി നൽകിയെങ്കിലും പോലീസിന്റെ ഭാഗത്തുനിന്ന് വേണ്ടവിധത്തിലുള്ള ഇടപെടലുണ്ടായില്ലെന്നും കുടുംബം ആരോപിച്ചു. തിങ്കളാഴ്ച രാത്രിയും പ്രദീപും ഭാര്യയും വീട്ടിലെത്തി ഭീഷണി മുഴക്കിയിരുന്നെന്നും ആശയുടെ കുടുംബം പറയുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്.


















































