മുംബൈ: വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ വിമാനത്തിലെ ജീവനക്കാരൻ അതിക്രമം കാട്ടിയതായി പരാതി. ടേക്ക് ഓഫിന് തൊട്ടുമുമ്പ് ടോയ്‌ലറ്റ് ഉപയോഗിക്കുകയായിരുന്ന യുവതിയുടെ അടുത്ത് ഇൻഡിഗോയുടെ ഫസ്റ്റ് ഓഫീസർ (സഹ പൈലറ്റ്) അനുവാദമില്ലാതെ കയറുകയായിരുന്നു. സംഭവം പുറത്തായതോടെ സാമൂഹിക മാധ്യമങ്ങളിൽ വൻ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
സ്വർണ്ണ വ്യാപാര സ്ഥാപനമായ സേഫ്ഗോൾഡിന്‍റെ സഹസ്ഥാപകയും ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്‌സ് പൂർവ്വ വിദ്യാർത്ഥിനിയുമായ റിയ ചാറ്റർജിയാണ് തനിക്ക് നേരിട്ട ദുരനുഭവം ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെ പങ്കുവെച്ചത്. ‘ഇൻഡിഗോയുടെ ഒരു ഫസ്റ്റ് ഓഫീസർ ഞാൻ ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോൾ അകത്തേക്ക് കടന്നു വന്നു, എന്നാൽ സംഭവം അത്ര കാര്യമായി എടുക്കേണ്ടതില്ലെന്നാണ് എയർലൈനിന്റെ നിലപാട്’ അവർ കുറിപ്പിൽ പറയുന്നു.
ഓഗസ്റ്റ് എട്ടിന് രാത്രി വൈകിയുള്ള വിമാനത്തിലാണ് റിയ യാത്ര ചെയ്തത്. വിമാനത്തിലെ മുൻഭാഗത്തെ ടോയ്‌ലറ്റ് റിയ ഉപയോഗിക്കാൻ തുടങ്ങി. വാതിൽ അകത്തു നിന്ന് പൂട്ടിയിരുന്നെങ്കിലും പുറത്തു നിന്ന് ആരോ മുട്ടുന്നത് കേട്ടപ്പോൾ റിയ പ്രതികരിച്ചു. പിന്നീട് വീണ്ടും വാതിലിൽ മുട്ടുന്നത് കേട്ട് ഉറക്കെ പ്രതികരിക്കുന്നതിന് മുമ്പ് തന്നെ വാതിൽ ബലമായി തുറക്കുകയും ഒരു പുരുഷ ജീവനക്കാരൻ അകത്തേക്ക് നോക്കുകയും ചെയ്തു. ‘ഓ’ എന്ന് മാത്രം പറഞ്ഞ് അയാൾ വാതിൽ അടച്ചുവെന്നും റിയ പറഞ്ഞു.
സംഭവം തന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞെന്നും, അപമാനഭാരം കൊണ്ട് തലകുനിച്ച് പോയെന്നും റിയ പറയുന്നു. 90 മിനിറ്റ് നീണ്ട വിമാനയാത്രയിൽ തനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ, ഇതിന് ശേഷം തന്‍റെ ദുരനുഭവം വിവരിച്ചപ്പോൾ മറ്റ് ജീവനക്കാർ സംഭവം നിസ്സാരവൽക്കരിച്ചെന്നും ‘അസൗകര്യം’ ഉണ്ടായതിൽ ക്ഷമ ചോദിക്കുന്നുവെന്ന് മാത്രം പറഞ്ഞുവെന്ന് റിയ കുറിച്ചു. അയാൾ ഒന്നും കണ്ടിട്ടില്ലെന്ന് ഉറപ്പുണ്ടെന്നും ജീവനക്കാർ പറഞ്ഞതായി റിയ ആരോപിച്ചു.
തുടർന്ന് ക്യാപ്റ്റനെയും ഫസ്റ്റ് ഓഫീസറെയും വിളിപ്പിക്കാൻ റിയ ആവശ്യപ്പെട്ടെങ്കിലും അവരെ കോക്ക്പിറ്റിൽ പോയി കാണാനാണ് ജീവനക്കാർ നിർദ്ദേശിച്ചത്. അത് കൂടുതൽ ആശങ്കയുണ്ടാക്കിയെന്നും റിയ പറഞ്ഞു. വിമാനം നിലത്തിറങ്ങിയ ശേഷം ഇൻഡിഗോയുടെ നേതൃത്വവുമായി റിയ ബന്ധപ്പെട്ടു. എന്നാൽ, സംഭവം അസൗകര്യമുണ്ടാക്കിയെന്നും ജീവനക്കാരൻ ‘അഗാധമായ ഖേദം’ അറിയിച്ചെന്നും മാത്രമാണ് മറുപടി ലഭിച്ചത്. നഷ്ടപരിഹാരമായി വിമാന ടിക്കറ്റിന്‍റെ പണവും വൗച്ചറുകളും നൽകാമെന്നും അവർ അറിയിച്ചു. എന്നാൽ താൻ നഷ്ടപരിഹാരത്തിന് വേണ്ടിയല്ല പോസ്റ്റ് ഇട്ടതെന്നും, യാത്ര ചെയ്യുന്ന ഓരോ സ്ത്രീയും ജാഗ്രത പാലിക്കണമെന്നും റിയ പറഞ്ഞു.
പ്രതിഷേധം ശക്തമായതോടെ ഇൻഡിഗോ എയർലൈൻസ് ക്ഷമാപണവുമായി രംഗത്തെത്തി. ജീവനക്കാരന്‍റെ ഭാഗത്ത് നിന്നുമുണ്ടായ പിഴവിൽ ഖേദിക്കുന്നുവെന്നും എയർലൈൻസ് അറിയിച്ചു. പക്ഷേ, ഈ ക്ഷമാപണം സോഷ്യൽ മീഡിയയിൽ കൂടുതല്‍ പ്രതിഷേധത്തിന് കാരണമായി. ‘ഇത് ഭയാനകമാണ്. ആരും ഇങ്ങനെയൊരു അതിക്രമത്തിലൂടെ കടന്നുപോകാൻ പാടില്ലായിരുന്നു, സംഭവം കൈകാര്യം ചെയ്ത രീതി ഇതിനെ കൂടുതൽ വഷളാക്കുന്നു,’ ഒരാൾ അഭിപ്രായപ്പെട്ടു. ടോയ്‍ലെറ്റ് ഉപയോഗത്തിലാണെങ്കിൽ ചുവപ്പ് നിറത്തിലുള്ള സൂചകം കാണിക്കുമെന്നും, ഇതെങ്ങനെ ഒരു ഫസ്റ്റ് ഓഫീസർക്ക് അറിയാതിരിക്കുമെന്നുമാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.