വാഷിംഗ്ടൺ: ഫ്ലോറിഡയിലെ ടേൺപൈക്കിൽ ഒരു സെമി ട്രക്ക് നിയമവിരുദ്ധമായി യു-ടേൺ എടുത്തതിനെ തുടർന്നുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചു. അപകടത്തിനുശേഷം, ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവർക്ക് നേരെ വ്യാപക വംശീയ അധിക്ഷേപം. സെന്റ് ലൂസി കൗണ്ടിയിൽ, ടേൺപൈക്കിന്റെ വടക്ക് ദിശയിലുള്ള ലെയ്‌നിലാണ് അപകടം നടന്നത്.
ഒരു സെമി ട്രക്ക് ട്രെയ്‌ലറിൽ കറുത്ത നിറമുള്ള ക്രിസ്‌ലർ ടൗൺ ആൻഡ് കൺട്രി വാൻ ഇടിച്ചുകയറുകയായിരുന്നു. ടേൺപൈക്കിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി മാത്രം വാഹനങ്ങൾക്ക് യു ടേൺ എടുക്കാൻ അനുവാദമുള്ള മേഖലയിൽ വലതുവശത്തെ ലെയ്‌നിൽ വരികയായിരുന്ന ട്രക്ക് പെട്ടെന്ന് യു-ടേൺ എടുക്കാൻ ശ്രമിച്ചതാണ് അപകടകാരണമെന്ന് അധികൃതർ പറഞ്ഞു.
അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ സെന്റ് ലൂസി ഫയർ റെസ്‌ക്യൂ ടീം രക്ഷാപ്രവർത്തനം നടത്തിയെങ്കിലും, വാനിലുണ്ടായിരുന്ന മൂന്നുപേർ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഫ്ലോറിഡ സിറ്റിയിൽ നിന്നുള്ള 30-കാരൻ, പോംപാനോ ബീച്ചിൽ നിന്നുള്ള 37-കാരി, മിയാമിയിൽ നിന്നുള്ള 54-കാരൻ എന്നിവരാണ് മരിച്ചത്. സെമി ട്രക്ക് ഡ്രൈവറായ സിഖ് മതക്കാരനായ ഒരാളാണ് അപകടത്തിന് കാരണക്കാരനെന്ന് പ്രാഥമിക റിപ്പോർട്ടുകൾ. ഇയാളുടെ പേരുവിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നതിനാൽ ഇയാൾക്കെതിരെ നിയമനടപടിക്ക് സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
അപകടത്തിന് പിന്നാലെ, ട്രക്ക് ഡ്രൈവറുടെ ഇന്ത്യൻ ബന്ധം ചൂണ്ടിക്കാട്ടി ഓൺലൈനിൽ വൻ തോതിൽവംശീയാധിക്ഷേപം ഉയർന്നുവന്നു. ട്രക്ക് ഡ്രൈവറുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും, ഡൊണാൾഡ് ട്രംപ് അനുകൂലികൾ ഇയാളെ “അനധികൃത കുടിയേറ്റക്കാരൻ” എന്നും വിശേഷിപ്പിച്ചു.
അപകടത്തെ തുടർന്ന് ടേൺപൈക്കിലെ വടക്കോട്ടുള്ള എല്ലാ ലെയ്‌നുകളും മണിക്കൂറുകളോളം അടച്ചിട്ടതായി സെന്റ് ലൂസി കൗണ്ടി ഷെരീഫ് ഓഫീസിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. തകർന്ന വാഹനങ്ങൾ മാറ്റുന്നതിനും അന്വേഷണം നടത്തുന്നതിനുമായാണ് റോഡ് അടച്ചിട്ടത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഡ്രൈവർമാർക്ക് മറ്റ് വഴികൾ തിരഞ്ഞെടുക്കാൻ നിർദേശം നൽകിയിരുന്നു.