പട്‌ന: ബിഹാറിലെ പുതുക്കിയ വോട്ടർ പട്ടികയിൽ പതിനായിരക്കണക്കിനു കള്ളവോട്ടുകളെന്നു രണ്ടെത്തൽ. മൂന്ന് മണ്ഡലങ്ങളിൽ നടത്തിയ അന്വേഷണത്തിൽ 80,000ത്തിലധികം കള്ളവോട്ടുകൾ ചേർത്തെന്ന് വെളിപ്പെടുത്തൽ. ഇല്ലാത്ത മേൽവിലാസത്തിലാണ് ആയിരക്കണക്കിന് വോട്ടുകൾ ചേർത്തിരിക്കുന്നത്. ഒരു ഓൺലൈൻ മാധ്യമ സ്ഥാപനമായ റിപ്പോർട്ടർ കളക്ടീവ് നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് തട്ടിപ്പ് വിവരം പുറത്തുവന്നത്.
പിപ്ര, ബാഗ, മോട്ടിഹാർ നിയമസഭാ മണ്ഡലങ്ങളിലായി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്. പിപ്ര മണ്ഡലത്തിലെ ഗലിംപൂർ വില്ലേജിൽ ഒരു മേൽവിലാസത്തിൽ വ്യത്യസ്ത മതക്കാരും ജാതിക്കാരുമൊക്കെയായി 509 വോട്ടുകൾ പുതുതായി ചേർത്തു. എന്നാൽ അവർ നടത്തിയ അന്വേഷണത്തിൽ അങ്ങനെയൊരു മേൽവിലാസമേ ഇല്ലായെന്നാണ് റിപ്പോർട്ടർ കളക്ടീവിന്റെ കണ്ടെത്തൽ.
അതുപോലെ ഇതേ വില്ലേജിൽ ഇല്ലാത്ത വീടിന്റെ പേരിൽ 459 വോട്ടുകൾ ചേർത്ത സംഭവവും ഉണ്ട്. പിപ്ര, ബാഗ, മോട്ടിഹാർ മണ്ഡലങ്ങളിലായി 20 മുതൽ മുകളിലോട്ട് കള്ള വോട്ടുകൾ ചേർത്ത 3,590 കേസുകളെങ്കിലും കണ്ടെത്തിയെന്നാണ് റിപ്പോർട്ടർ കളക്ടീവിന്റെ കണ്ടെത്തൽ.
. പിപ്ര മണ്ഡലത്തിലെ 320, 319, 459, 509 വോട്ടുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് 39, നാല് എന്നീ വീട്ടുനമ്പർ വെച്ചാണ്. ബിഹാറിലെ അനധികൃത വോട്ടർമാരായി കണ്ടെത്തിയ 65 ലക്ഷം പേരെ ഒഴിവാക്കിയ ശേഷം തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു എന്ന് പറയുന്ന പുതിയ വോട്ടർ പട്ടികയിലാണ് കള്ളവോട്ടെന്ന് സംശയിക്കാവുന്ന ഈ തെളിവുകൾ പുറത്തുവരുന്നത്.
മൂന്ന് മണ്ഡലങ്ങളിൽ 80,000 വോട്ടുകളെന്ന് പറയുമ്പോൾ 243 നിയമസഭാ മണ്ഡലങ്ങളുളള ബിഹാറിൽ ചുരുങ്ങിയത് 60,000 വോട്ടുകളെങ്കിലും ഇത്തരത്തിൽ ചേർത്തിരിക്കാമെന്ന വെളിപ്പെടുത്തൽ സംഭവത്തിന്റെ ഗൗരവം എടുത്തുകാണിക്കുന്നു.