ലക്നൗ: ലക്നൗ-ബറൗണി എക്സ്പ്രസ് ട്രെയിനിൻ്റെ എസി ഡക്റ്റിനുള്ളിൽ അനധികൃത മദ്യശേഖരം ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയതിൻ്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ട്രെയിനിലെ യാത്രക്കാരിലൊരാൾ പകർത്തിയതെന്നു കരുതുന്ന ഈ വീഡിയോ പുറത്തുവന്നതോടെ ഇന്ത്യൻ റെയിൽവേ സംഭവത്തിൽ പ്രതികരിച്ചു. റെഡ്ഡിറ്റിലെ ‘r/IndianRailways’ എന്ന കമ്മ്യൂണിറ്റിയിലാണ് ഈ ക്ലിപ്പ് ആദ്യം പോസ്റ്റ് ചെയ്തത്. കോച്ചിൽ എയർ കണ്ടീഷനിങ് തകരാറിലാണെന്ന് യാത്രക്കാർ പരാതിപ്പെട്ടിരുന്നുവെന്നും, ഇത് പരിശോധിക്കാനെത്തിയ ടെക്നീഷ്യൻ എസി ഡക്റ്റിനുള്ളിൽ മദ്യശേഖരം ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നുമാണ് പോസ്റ്റിൽ പറയുന്നത്.
“ലക്നൗ-ബറൗണി എക്സ്പ്രസിൻ്റെ എസി കോച്ചിൽ തണുപ്പ് കുറവാണെന്ന് യാത്രക്കാർ പരാതിപ്പെട്ടു. ടെക്നീഷ്യൻമാർ എസി ഡക്റ്റ് പരിശോധിച്ചപ്പോഴാണ് അനധികൃത മദ്യശേഖരം ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്,” പോസ്റ്റിലെ അടിക്കുറിപ്പിൽ പറയുന്നു. പിന്നീട് എക്സിൽ വൈറലായ ഈ വീഡിയോയിൽ, ടെക്നീഷ്യൻ പാക്കറ്റുകൾ പുറത്തെടുക്കുമ്പോൾ അത്ഭുതത്തോടെ നോക്കി നിൽക്കുന്ന യാത്രക്കാരെ കാണാം.ആവശ്യമായ നടപടികൾക്കായി വിഷയം ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട് എന്നാണ് റെയിൽവേയുടെ പ്രതികരണം.
തുടർന്ന്, സോൺപൂർ ഡിവിഷണൽ റെയിൽവേ മാനേജർ (DRM) ഖേദം പ്രകടിപ്പിക്കുകയും സ്വീകരിച്ച നടപടികൾ സ്ഥിരീകരിക്കുകയും ചെയ്തു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നു. അനധികൃത മദ്യം ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയും, അതിനുശേഷം എസി പ്രശ്നം പരിഹരിക്കുകയും ചെയ്തു. ഈ വിഷയം ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയതിന് നന്ദി എമ്മ് ഡിആർഎം വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് റെയിൽവേ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.