തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന 4 മാസം ഗർഭിണിയായ യുവതിയുടെ മൃതദേഹം പുറത്തുനിന്നുള്ളവർക്ക് ഫ്രീസർ തുറന്നു കാണിച്ച സംഭവം പോലീസിൽ റിപ്പോർട്ട് ചെയ്യാതെ സംഭവത്തെ ലഘൂകരിച്ച് ആശുപത്രി അധികൃതർ. അന്വേഷണത്തിനായി പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ടെന്നും ജീവനക്കാരുടെ ഉൾപ്പെടെ മൊഴിയെടുക്കുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. രേഖ പറഞ്ഞു. ഇതു സംബന്ധിച്ച് ആരിൽനിന്നു പരാതി ലഭിക്കാത്ത സാഹചര്യത്തിലാണ് പോലീസിൽ റിപ്പോർട്ട് ചെയ്യാത്തതെന്നാണ് ആശുപത്രിയുടെ വിശദീകരണം.
അലർജിക് റിയാക്ഷൻ ആണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ വിവരം അറിയാൻ കഴിയുകയള്ളുവെന്നും സൂപ്രണ്ട് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച ഭർതൃഗൃഹത്തിൽ മരിച്ച നെടുമങ്ങാട് കരിപ്പൂർ സ്വദേശിയായ ഇരുപത്തിയെടുക്കാരിയുടെ മൃതദേഹമാണ് അധികൃതരുടെ അനുവദമില്ലാതെ സുരക്ഷാ ജീവനക്കാരനായ സുരേഷ് കുമാർ കന്റീൻ നടത്തുന്ന ആൾക്കും ബന്ധുക്കൾക്കും കാണിച്ചുകൊടുത്തത്. മറ്റു ജീവനക്കാരിൽനിന്നു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തി സുരേഷ്‌കുമാറിനെ 15 ദിവസത്തേക്കു ജോലിയിൽനിന്നു മാറ്റിനിർത്തിയിരിക്കുകയാണ്. സിപിഎം പറണ്ടോട് ബ്രാഞ്ച് സെക്രട്ടറിയാണ് ആരോപണ വിധേയനായ സുരേഷ്‌കുമാർ.
യുവതിയുടെ മൃതദേഹം ആർഡിഒയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്താനും പോസ്റ്റ്‌മോർട്ടത്തിനുമായാണ് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റിയത്. ഞായറാഴ്ച രാവിലെയാണ് സുരേഷ് കുമാർ മൃതദേഹം പുറത്തുനിന്നുള്ളവരെ കാണിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ മരിച്ച യുവതിയുടെ ബന്ധുക്കൾക്കാണ് മൃതദേഹം കാട്ടിക്കൊടുത്തതെന്നാണു അറിയുന്നതെന്ന് അധികൃതർ പറയുന്നു.
അതേസമയം സംഭവ ദിവസം അത്യാഹിത വിഭാഗം, മോർച്ചറി എന്നിവിടങ്ങളിലെ സുരക്ഷാ ചുമതല സുരേഷ് കുമാറിനായിരുന്നു. മോർച്ചറിയുടെ താക്കോൽ സൂക്ഷിച്ചിരുന്ന നഴ്‌സിങ് സ്റ്റാഫ് അറിയാതെ താക്കോൽ കൈക്കലാക്കിയാണ് ഇയാൾ ഫ്രീസർ തുറന്നത്.