കോഴിക്കോട്: നാണംകെട്ട വഴിയിലൂടെ എംപി ആകുന്നതിലും നല്ലത് കഴുത്തിൽ കയർ തൂക്കുന്നതാണെന്ന് സുരേഷ്‌ഗോപിയെ പരിഹസിച്ച് മുൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. രാഹുൽഗാന്ധി ഉയർത്തിയ വോട്ട് തട്ടിപ്പ് ആരോപണത്തിൽ തൃശൂരിനെയും ചേർത്ത് കോൺഗ്രസ് ആരോപണം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് കോൺഗ്രസിന്റെ മുൻ സംസ്ഥാന അദ്ധ്യക്ഷൻ വിമർശനവുമായി എത്തിയത്.
തൃശൂരിൽ ഇത്രയധികം ആരോപണങ്ങൾ ഉണ്ടായ സാഹചര്യത്തിൽ രാജിവെക്കുന്നതിനെ പറ്റി സുരേഷ് ഗോപി ആലോചിക്കണമെന്നും പറഞ്ഞു. പുറത്തുനിന്നും ഒരു സ്ഥാനാർത്ഥി വന്ന് ഇത്രയധികം വോട്ടുലഭിക്കുക എന്നത് അസാധ്യമായ കാര്യമാണെന്നും കണക്കുകൾ പുറത്തുവിട്ടത് വോട്ടുകളുടെ എണ്ണം പറഞ്ഞാണെന്നും പറയാതെ തന്നെ സുരേഷ് ഗോപി രാജിവെക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന് പിന്നാലെ സിപിഎമ്മും വോട്ടിൽ കള്ളത്തരം കാണിക്കുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു. കേരളത്തിൽ സിപിഐഎം കള്ളവോട്ട് ചേർക്കുന്നു എന്ന കാര്യം സിപിഐഎമ്മിലെ സാധാരണ പാർട്ടിക്കാർക്ക് വരെ അറിവുള്ള കാര്യമാണെന്നും പറഞ്ഞു. കള്ളവോട്ടു ചെയ്യാൻ പോകുന്നത് സാധാരണ സിപിഎമ്മുകാരാണ്. പക്ഷേ തൃശൂരിൽ സുരേഷ് ഗോപിക്ക് വേണ്ടി ആ വ്യാജ വോട്ട് ചേർത്തത് ബിജെപിയാണെന്നും സുധാകരൻ പറഞ്ഞു.