ന്യൂഡൽഹി: രാഹുൽ ഗാന്ധി ഉന്നയിച്ച ‘വോട്ട് കൊള്ള’ വിഷയത്തിൽ പ്രതിപക്ഷ എംപിമാർ തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിലേക്ക് നടത്തിയ മാർച്ചിനിടെ തലസ്ഥാനത്ത് നാടകീയരംഗങ്ങൾ. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിച്ച മാർച്ച് ട്രാൻസ്പോർട്ട് ഭവനു മുന്നിൽവച്ച് പോലീസ് റോഡിൽ ബാരിക്കേഡുകൾ വച്ച് തടഞ്ഞതോടെ നേതാക്കളും പോലീസുമായി ഉന്തും തള്ളുമായി. ഇതോടെ ഒരു മണിക്കൂറോളം റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാർ പിന്നീട് അറസ്റ്റ് വരിച്ചു. മൂന്നുറോളം പ്രതിപക്ഷ എംപിമാരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. അറസ്റ്റിലായ നേതാക്കളെ നാലു ബസുകളിലായാണ് പ്രതിഷേധ സ്ഥലത്തുനിന്നും നീക്കിയത്.
അതേസമയം വനിതാ എംപിമാരടക്കമുള്ളവർ ബാരിക്കേഡിനു മുകളിലൂടെ കടക്കാൻ ശ്രമിച്ചു. അഖിലേഷ് യാദവ്, ഡീൻ കുര്യാക്കോസ് തുടങ്ങിയ എംപിമാർ ബാരിക്കേഡ് ചാടിക്കടക്കുകയും ചെയ്തു. പക്ഷെ രാഹുൽ ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾ ബലപ്രയോഗത്തിനു മുതിരാതെ ബാരിക്കേഡിന് മറുവശത്ത് കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു. 30 എംപിമാരുമായി മാത്രം കൂടിക്കാഴ്ചയ്ക്ക് തയാറാണെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം ഡൽഹി പോലീസ്, നേതാക്കളെ അറിയിച്ചെങ്കിലുംഎംപിമാർ നിഷേധിച്ചു. തുടർന്ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള നേതാക്കൾ അറസ്റ്റ് വരിക്കുകയായിരുന്നു.
പ്രതിഷേധത്തിനിടെ തൃണമൂൽ കോൺഗ്രസ് എംപിമാരായ മഹുവ മൊയ്ത്ര, മിതാലി ബാഘ് എന്നിവർ കുഴഞ്ഞുവീണു. എന്നാൽ വാഹനത്തിനുള്ളിൽ കുഴഞ്ഞുവീണ മിതാലിക്ക് അടിയന്തര വൈദ്യസഹായം നൽകാനുള്ള നടപടി സ്വീകരിക്കാൻ പോലീസ് തയാറായില്ലെന്ന് എംപിമാർ ആരോപിച്ചു. തുടർന്നു രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക വാഹനത്തിലാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പും ഇനി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലെ സ്പെഷൽ ഇൻറ്റെൻസീവ് റിവിഷനും (എസ്ഐആർ) മുൻനിർത്തിയാണു പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിച്ചത്. പാർലമെന്റിന്റെ മകർദ്വാറിൽനിന്ന് രാവിലെ 11.30നാണ് റാലി ആരംഭിച്ചത്. കോൺഗ്രസ്, സമാജ്‍വാദി പാർട്ടി, ടിഎംസി, ഡിഎംകെ, എഎപി, ആർജെഡി, എൻസിപി(എസ്പി), ശിവസേന (ഉദ്ധവ് വിഭാഗം), നാഷനൽ കോൺഫറസ് തുടങ്ങിയ പാർട്ടികൾ മാർച്ചിൽ പങ്കെടുത്തു. ഇതിനിടെ 12 എംപിമാരുള്ള ആം ആദ്മി പാർട്ടിയെ ഉൾപ്പെടുത്തുന്നതിനായി ഇന്ത്യ സഖ്യത്തിന്റെ ബാനർ ഇല്ലാതെയാണ് മാർച്ച് നടന്നത്. കഴിഞ്ഞ മാസം ആം ആദ്മി പാർട്ടി ഇന്ത്യ സഖ്യത്തിൽ നിന്നു പുറത്തുപോയതോടെയാണ് ഈ നീക്കം. അതേസമയം മാർച്ചിന് നേരത്തെ അനുമതി അപേക്ഷ നൽകിയിരുന്നില്ലെന്ന് ഡൽഹി പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.