ന്യൂഡൽഹി: വോട്ടെടുപ്പിന്റെ നടത്തിപ്പിൽ കേന്ദ്രത്തോടു ഒത്തുചേർന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ കൃത്രിമം നടത്തുന്നുവെന്ന ആരോപണം കടുപ്പിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മഹാരാഷ്ട്രയിലും കർണാടകയിലുമടക്കം തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായും വോട്ടുമോഷണം നടക്കുന്നതായും രാഹുൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ഇതിന്റെ തെളിവുകളും അദ്ദേഹം പുറത്തുവിട്ടു.
ചില തിരഞ്ഞെടുപ്പ് ഫലങ്ങൾ തന്നെ ഞെട്ടിച്ചതായും രാഹുൽ പറഞ്ഞു. കമ്മിഷൻ ബിജെപിയുമായി ചേർന്ന് വോട്ടു മോഷ്ടിക്കുകയാണ്. മഹാരാഷ്ട്രയിൽ 40 ലക്ഷം ദുരൂഹ വോട്ടർമാരുണ്ടായിരുന്നു. അവിടെ അസാധാരണ പോളിങ്ങാണ് നടന്നത്. 5 മണി കഴിഞ്ഞപ്പോൾ പോളിങ് പലയിടത്തും കുതിച്ചുയർന്നു.
എന്നാൽ ആ സമയത്തെ മഹാരാഷ്ട്രയിലെ രേഖകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ നശിപ്പിച്ചു. കോൺഗ്രസ് ആവശ്യപ്പെട്ടിട്ടും കമ്മിഷൻ വോട്ടർ പട്ടിക നൽകിയില്ല. മാത്രമല്ല സിസിടിവി ദൃശ്യങ്ങൾ 45 ദിവസങ്ങൾ കഴിഞ്ഞപ്പോൾ നശിപ്പിച്ചു. ഇതിനായി കമ്മിഷൻ നയം മാറ്റി. വ്യാജ വിലാസങ്ങളിൽ ഇല്ലാത്ത വോട്ടർമാരെ മിക്കയിടങ്ങളിലും തിരുകി കയറ്റി.കർണാടകയിലും ക്രമക്കേട് നടന്നതായി രാഹുൽ ആരോപിച്ചു.
കൂടാതെ എക്സിറ്റ് പോളിൽനിന്ന് പലയിടത്തും ഫലം വ്യത്യസ്തമാണെന്ന് രാഹുൽ പറഞ്ഞു. അസാധാരണ ഫലങ്ങളുണ്ടാകുന്നതിൽ പൊതുജനത്തിന് സംശയങ്ങളുണ്ട്. സർക്കാരിനെതിരെ സ്വാഭാവികമായും ഭരണവിരുദ്ധ വികാരം ഉണ്ടാകും. അങ്ങനെയുള്ള സ്ഥലങ്ങളിൽപോലും ബിജെപിക്ക് ഭരണവിരുദ്ധ വികാരം അനുഭവിക്കേണ്ടിവരുന്നില്ല. ഹരിയാനയിൽ സംഭവിച്ചപോലെ, എക്സിറ്റ്പോളുകൾക്ക് വിരുദ്ധമായി വലിയ ഭൂരിപക്ഷം ബിജെപിക്ക് ലഭിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ പലതും ഒളിക്കുകയാണെന്നും രാഹുൽ പറഞ്ഞു.
അതേപോലെ ഒരു ലോക്‌സഭാ മണ്ഡലത്തിലെ വോട്ടർ പട്ടിക പരിശോധിച്ചപ്പോൾ ആകെയുള്ള 6.5 ലക്ഷം വോട്ടർമാരിൽ 1.5 ലക്ഷം പേരും വ്യാജന്മാരാണെന്നു കണ്ടെത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി സർക്കാരുണ്ടാക്കിയത് ഈ തട്ടിപ്പിലൂടെ നേടിയ സീറ്റുകൾ ഉപയോഗിച്ചാണ്. രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനത്തിൽ, 2014 മുതൽ എന്തോ കുഴപ്പം സംഭവിക്കുന്നുണ്ടെന്ന സംശയം നേരത്തേ തന്നെയുണ്ട്. രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ കോൺഗ്രസ് പാർട്ടിക്ക് ഒരു സീറ്റ് പോലും ലഭിക്കുന്നില്ല. ഇത് അത്ഭുതകരമാണെന്നും രാഹുൽ വ്യക്തമാക്കി.
പല വോട്ടർമാർക്കും വീട്ടു നമ്പർ ഇല്ല. വീട്ടു നമ്പർ പൂജ്യമെന്നാണ് ചില വോട്ടർ പട്ടികയിലുള്ളത്. 80 പേരുള്ള കുടുംബം ഒരു മുറിയിൽ കഴിയുന്നതായി വോട്ടർ പട്ടികയിലെ വിലാസത്തിലുണ്ട്. മറ്റൊരു മുറിയിൽ 46 പേർ കഴിയുന്നതായാണ് രേഖകൾ. പരിശോധിച്ചപ്പോൾ ഇവിടെയെങ്ങും ആളുകളെ കണ്ടെത്താനായില്ല. മാത്രമല്ല ആർക്കും ഇവരെ അറിയുകയുമില്ല. 40,009 തെറ്റായ മേൽവിലാസങ്ങൾ കോൺഗ്രസ് അന്വേഷണത്തിൽ കണ്ടെത്തി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചില പട്ടികകളിൽ വോട്ടർമാരുടെ ഫോട്ടോ ഇല്ല. ഇനി ഉള്ളതാണെങ്കിൽ വളരെ ചെറിയ രീതിയിൽ, തിരിച്ചറിയാനാകാതെ ഫോട്ടോ കൊടുത്ത ലിസ്റ്റുകളുമുണ്ടെന്നും രാഹുൽ ആരോപിച്ചു.