മുംബൈ: കോടതിയലക്ഷ്യ പരാതിയിൽ സിപിഎമ്മിനെതിരെ നടപടിയെടുക്കുന്നതിലും നല്ലത് അവഗണിച്ച് ഒഴിവാക്കുന്നതാണെന്ന് ബോംബെ ഹൈക്കോടതി. അഡ്വ. എസ് എം ഗോർവാഡ്‌കർ നൽകിയ പരാതിയിൽ ജസ്റ്റിസുമാരായ രവീന്ദ്ര ഘുഗെ, ഗൗതം അൻഖത് എന്നിവരുടേതാണ് തീരുമാനം. ബോംബെ ഹൈക്കോടതിയുടെ ജൂലൈ 25 ലെ വിധിക്കെതിരെ സിപിഎം പുറത്തുവിട്ട വാർത്താക്കുറിപ്പിനെതിരെയായിരുന്നു പരാതി.
ഗാസയിലെ വംശഹത്യക്കെതിരെ മുംബൈ ആസാദ് മൈതാനത്ത് സിപിഎം പ്രതിഷേധത്തിന് ആലോചിച്ചിരുന്നു. എന്നാൽ ഇതിന് പൊലീസ് അനുമതി നിഷേധിച്ചതിനെതിരായാണ് സിപിഎം ഹൈക്കോടതിയെ സമീപിച്ചത്. ‘നമ്മുടെ രാജ്യത്ത് ആവശ്യത്തിലധികം പ്രശ്നങ്ങളുണ്ട്. ഇതുപോലുള്ള പ്രശ്നങ്ങൾ നമുക്കാവശ്യമില്ല. സങ്കുചിത ചിന്താഗതിയാണ് നിങ്ങൾക്ക്. ഗാസയിലും പലസ്തീനിലും മനുഷ്യാവകാശ പ്രശ്നങ്ങൾ നോക്കുകയാണ് നിങ്ങൾ. സ്വന്തം രാജ്യത്തേക്ക് നോക്കൂ. ദേശീയവാദികളാകൂ’, എന്നുമാണ് കോടതി സിപിഎമ്മിനോട് ആവശ്യപ്പെട്ടത്. കോടതി നിലപാടിനെ വിമർശിച്ച് സിപിഎം നേതൃത്വം മഹാരാഷ്ട്രയിൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിനെതിരെയാണ് പിന്നീട് അഭിഭാഷകൻ കോടതിയെ സമീപിച്ചത്.
‘ഞങ്ങളിത് അവഗണിക്കാനാണ് താത്പര്യപ്പെടുന്നത്. ഞങ്ങളുടെ വിധിക്കെതിരെ പറയാനും വിമർശിക്കാനും അപലപിക്കാനും അവകാശമുണ്ടെന്നാണ് അവർ പറയുന്നത്. അവർ അത് ചെയ്യട്ടെ. ഞങ്ങളിത് ഒഴിവാക്കുകയാണ്.’ – എന്നായിരുന്നു ഡിവിഷൻ ബെഞ്ച് സ്വീകരിച്ച നിലപാട്. എന്നാൽ സിപിഎമ്മിന് നോട്ടീസ് അയക്കുമെന്നും പിന്നീട് ഹർജി വീണ്ടും സമർപ്പിക്കുമെന്നും അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.