കൊച്ചി: പെൺകുട്ടിയുടെ ബെസ്റ്റി ആരെന്നതിനെച്ചൊല്ലി ക്ലാസ്മുറിയിൽ നടന്ന തർക്കം ഒടുവിൽ കയ്യാങ്കളിയിലും പോലീസ് സ്റ്റേഷൻ വരേയുമെത്തി. മുളന്തുരുത്തി പോലീസ് സ്റ്റേഷൻ പരിധിയിൽ കാഞ്ഞിരമറ്റത്തെ എയ്ഡഡ് സ്കൂളിലായിരുന്നു പ്ലസ് വൺ വിദ്യാർഥികളുടെ ബെസ്റ്റിക്കായുള്ള തമ്മിലടി. ക്ലാസ് മുറിയിൽ വാതിൽ അടിച്ചിട്ടായിരുന്നു തലയോലപ്പറമ്പ്, അരയങ്കാവ് സ്വദേശികളായ വിദ്യാർഥികൾ ഏറ്റുമുട്ടിയത്. സംഭവം കൂട്ടംകൂടിനിന്ന വിദ്യാർഥികളിലൊരാൾ മൊബൈൽ ഫോണിൽ പകർത്തി.
ദൃശ്യങ്ങളിൽ വിദ്യാർഥിയുടെ തല പിടിച്ചുവച്ച് ആവർത്തിച്ച് ഇടിക്കുന്നതും സഹപാഠികൾ ചുറ്റും കൂടിനിന്ന് ആക്രോശിക്കുന്നതും അവരെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അന്നു തന്നെ പോലീസ് വിദ്യാർഥികളെ താക്കീത് ചെയ്തിരുന്നു. ഇതിനിടെ സ്‌കൂളിൽ ഫോൺ കൊണ്ടുവന്ന് വീഡിയോ പകർത്തിയ വിദ്യാർഥികൾക്കെതിരെയും നടപടി വന്നേക്കുമെന്ന് സൂചനയുണ്ട്. അതേസമയം ഫോൺ കൊണ്ടുവന്ന വിദ്യാർഥിയുടെ പിതാവ് മൊബൈൽ ഫോൺ ഇന്നലെ പോലീസിനു കൈമാറി.
മുളന്തുരുത്തി എസ്എച്ച്ഒ കെ.പി. മനേഷിന്റെ വാക്കുകൾ ഇങ്ങനെ-
ഇതൊരു ചെറിയ കാര്യമല്ല, വഴക്കിൽ ഉൾപ്പെട്ട വിദ്യാർഥികളിൽ ഒരാൾക്ക് ഗുരുതരമായി മർദ്ദനമേറ്റു. ഞങ്ങൾ രണ്ട് ആൺകുട്ടികളെയും അവരുടെ മാതാപിതാക്കളെയും വിളിച്ചുവരുത്തി ദീർഘനേരം സംസാരിച്ചു. അവരുടെ പ്രവർത്തിയുടെ ഗൗരവം വിദ്യാർഥികളെ ബോധ്യപ്പെടുത്തി’’– . ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിയുടെ മാതാപിതാക്കൾ ആദ്യം നിയമനടപടി ആവശ്യപ്പെട്ടെങ്കിലും വിദ്യാർഥികളുടെ പ്രായവും ദീർഘകാല പ്രത്യാഘാതങ്ങളും ചൂണ്ടിക്കാട്ടി കേസ് തുടരേണ്ടതില്ലെന്ന് അവർ പിന്നീട് അറിയിച്ചു.
എന്നാൽ, ബെസ്റ്റിയെ സംബന്ധിച്ച തർക്കത്തിൽ പേലീസ് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് റിപ്പോർട്ട് സമർപ്പിച്ചു. സംഭവം നാണക്കേടായതോടെ ഇന്നു സ്‌കൂളിൽ അടിയന്തര പിടിഎ യോഗം ചേരുന്നുണ്ട്. കേസെടുക്കുന്നതിനു പകരം വിദ്യാർഥികൾക്ക് കൗൺസിലിങ് നൽകണമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കാര്യങ്ങൾ കൈവിട്ടതോടെ രണ്ടു വിദ്യാർഥികളും അവരുടെ ബെസ്റ്റിയെ ഉപേക്ഷിക്കാൻ തീരുമാനിച്ചു എന്നാണ് അറിയുന്നത്.