തിരുവനന്തപുരം: താൽക്കാലിക വിസി നിയമനത്തിലെ സർക്കാർ വിമർശനത്തിൽ കടുത്ത എതിർപ്പുമായി രാജ്ഭവൻ. മന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ ഗവർണർ എതിർപ്പ് നേരിട്ട് അറിയിച്ചു. തന്റെ ഉത്തമ ബോധ്യത്തിന്റെയും നിയമോപദേശത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം എന്നാണ് ഗവർണറുടെ നിലപാട്. കേരള യൂണിവേഴ്സിറ്റിയിൽ സസ്പെൻഷനിലുള്ള രജിസ്ട്രാർ അനിൽകുമാറിന് സർക്കാർ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചതിലും ഗവർണർക്ക് അതൃപ്തിയുണ്ട്.
ഇതിനിടെ കേരള സർവകലാശാല ജീവനക്കാരെ സിൻഡിക്കേറ്റിലെ ഇടത് അംഗങ്ങൾ ഭീഷണിപ്പെടുത്തിയതിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് ജീവനക്കാരുടെ സംഘടനകൾ. സിൻഡിക്കേറ്റ് നൽകിയ കള്ള പരാതികൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് അനുകൂല സംഘടനയായ കേരള യൂണിവേഴ്സിറ്റി സ്റ്റാഫ് യൂണിയൻ ഇന്ന് സർവകലാശാല ആസ്ഥാനത്ത് പ്രതിഷേധിക്കും. ബിജെപി, സിപിഐ അനുകൂല സംഘടനകളിലെ ജീവനക്കാരും പ്രതിഷേധത്തിലാണ്. ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ ജീവനക്കാരെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് രണ്ടു പരാതികൾ പൊലീസിന് നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.