പുരി: ഒഡീഷയിലെ പുരിയിൽ അജ്ഞാതർ ജീവനോടെ തീകൊളുത്തിയ 15 വയസ്സുകാരി മരിച്ചു. ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം. ജൂലൈ 19നാണ് പെൺകുട്ടിയെ യുവാക്കൾ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചത്. ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം.
“പെണ്‍കുട്ടിയുടെ മരണ വിവരം അറിഞ്ഞതിൽ അതിയായ ദുഃഖമുണ്ട്. സർക്കാർ എല്ലാ ശ്രമങ്ങളും നടത്തിയിട്ടും ഡൽഹി എയിംസിലെ വിദഗ്ധ മെഡിക്കൽ സംഘം രാപകലില്ലാതെ പ്രയത്നിച്ചിട്ടും അവളുടെ ജീവൻ രക്ഷിക്കാനായില്ല”- ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരണ്‍ മാജി ട്വീറ്റ് ചെയ്തു.
അതേസമയം പ്രതികളെ പിടികൂടാൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. മറ്റാരെങ്കിലും പെൺകുട്ടിയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചതായുള്ള തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ് ഒഡീഷാ പൊലീസ് പറയുന്നത്. അന്വേഷണം അവസാന ഘട്ടത്തിലാണ്.
ഭാർഗവി നദിയുടെ തീരത്താണ് സംഭവം നടന്നത്. 75 ശതമാനം പൊള്ളലേറ്റ നിലയിലാണ് പെണ്‍കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ആദ്യം പിപ്ലി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ചികിത്സ നൽകിയ ശേഷം പിന്നീട് ഭുവനേശ്വറിലെ എയിംസിലേക്ക് മാറ്റുകയായിരുന്നു. ജൂലൈ 20-ന് വിദഗ്ധ ചികിത്സയ്ക്കായി ഡൽഹി എയിംസിലേക്ക് വ്യോമമാർഗം എത്തിച്ചു. അവിടെ വെച്ച് നിരവധി ശസ്ത്രക്രിയകളും സ്കിൻ ഗ്രാഫ്റ്റിംഗും നടത്തിയിട്ടും മരണം സംഭവിക്കുകയായിരുന്നു.
പെൺകുട്ടിയുടെ മരണത്തിന് തൊട്ടുപിന്നാലെയാണ് സംഭവത്തിൽ ആരെങ്കിലും തീ കൊളുത്തിയതാണെന്ന് തെളിവില്ലെന്ന് ഒഡീഷ പൊലീസ് അറിയിച്ചത്. മൂന്ന് അജ്ഞാതർ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തീ കൊളുത്തിയെന്നാണ് അമ്മ നൽകിയ മൊഴി. ഒരു സുഹൃത്തിനെ സന്ദർശിച്ച ശേഷം വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് പെൺകുട്ടി ആക്രമിക്കപ്പെട്ടത്.
വെള്ളിയാഴ്ച ദില്ലി എയിംസിൽ വെച്ച് ഒരു മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ നവീൻ പട്‌നായിക് പെൺകുട്ടിയുടെ മരണത്തിൽ അനുശോചിച്ചു. നികത്താനാവാത്ത നഷ്ടം താങ്ങാനുള്ള ശക്തി ദൈവം കുടുംബത്തിന് നൽകട്ടെയെന്ന് നവീൻ പട്നായിക് പ്രതികരിച്ചു.