കൊച്ചി: കോതമംഗലത്തെ യുവാവിൻറെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി മരിച്ച അൻസലിന്റെ സുഹൃത്ത്. പെൺ സുഹൃത്ത് വീട്ടിലേക്ക് വിളിച്ച് വരുത്തി വിഷം നൽകുകയായിരുന്നുവന്ന് അൻസലിൻറെ സുഹൃത്ത് മാധ്യമങ്ങളോട് വെളിപ്പെടുത്തി. താൻ ഇക്കാര്യം പോലീസിനെ അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നും സുഹൃത്ത്. ഇതിന് പിന്നാലെയാണ് ചേലാട് സ്വദേശിയായ മുപ്പതുകാരിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
മാതിരപ്പിള്ളി മേലേത്ത്മാലിൽ അൻസൽ (38) ആണ് മരിച്ചത്. മലിപ്പാറയിൽ ഒറ്റയ്ക്ക് താമസിക്കുന്ന പെൺസുഹൃത്തിന്റെ വീടിനു സമീപം വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് അൻസലിനെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയത്. ഇതിനിടെ അൻസലുമായി അടുപ്പത്തിലായിരുന്ന പെൺ സുഹൃത്തിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. ഇരുവരും തമ്മിൽ പ്രശ്നം ഉണ്ടായിരുന്നു എന്നാണ് വിവരം. നിൻറെ മകനെ വിഷം കൊടുത്ത് കൊല്ലും എന്ന് യുവതി അൻസലിൻറെ ഉമ്മയോട് പറഞ്ഞതായാണ് അൻസലിൻറെ സുഹൃത്ത് പറഞ്ഞത്.
പിന്നാലെ വിഷം കൊടുത്തതിന് ശേഷം യുവതി, അൻസലിനെ വിഷം കൊടുത്ത് ഇവിടെ കിടത്തിയിട്ടുണ്ട്, എടുത്തുകൊണ്ടുപോ എന്ന് പറഞ്ഞെന്നും അൻസലിൻറെ സുഹൃത്ത് പറയുന്നു. എന്നാൽ സംഭവത്തിൽ വ്യക്തത ലഭിക്കണമെങ്കിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാകണം. അൻസലിന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തും. അതേസമയം യുവതിയുടെ വീട്ടിൽ നിന്ന് കീടനാശിനിയുടെ കുപ്പി പോലീസിന് ലഭിച്ചിട്ടുണ്ട്.
അൻസൽ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. യുവതിയുമായി വർഷങ്ങളായി പരിചയമുണ്ട്. അടുത്തിടെ ഇരുവരുടെയും ബന്ധത്തിൽ പ്രശ്നങ്ങളുണ്ടായി. യുവതിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് അൻസൽ സംശയിച്ചു. ഇതോടെ 29ന് യുവതിയുടെ വീട്ടിലെത്തി അൻസൽ ബഹളമുണ്ടാക്കി. 30ന് പുലർച്ചെയാണ് തനിക്ക് ശാരീരിക ബുദ്ധിമുട്ടുണ്ടെന്ന് ബന്ധുവിനെ വിളിച്ചു പറഞ്ഞത്. ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് യുവതി ചതിച്ചെന്ന് അൻസൽ വെളിപ്പെടുത്തിയത്. ആലുവയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരണം സംഭവിച്ചു.