ഹൈദരാബാദ്: നിയമവിരുദ്ധമായി വാടക ഗർഭധാരണവും ബീജക്കടത്തും നടത്തിവന്ന വൻ റാക്കറ്റ് സെക്കന്തരാബാദിൽ പോലീസിന്റെ പിടിയിൽ. സംഭവത്തിൽ ഒരു ഡോക്ടർ ഉൾപ്പെടെ പത്തുപേർ അറസ്റ്റിലായി. ഹൈദരാബാദ് പോലീസ് നടത്തിയ റെയ്ഡിൽ റെജിമെന്റൽ ബസാറിലെ യൂണിവേഴ്‌സൽ സൃഷ്ടി ഫെർട്ടിലിറ്റി സെന്ററിന്റെ മാനേജർകൂടിയായ ഡോക്ടർ നമ്രതയും സംഘവുമാണ് അറസ്റ്റിലായത്. ഇതേ ക്ലിനിക്കിൽ ചികിത്സ തേടിയെത്തിയ ദമ്പതിമാരുടെ പരാതിയിന്മേലാണ് അറസ്റ്റ്.
സെക്കന്തരാബാദിൽ താമസിക്കുന്ന രാജസ്ഥാൻ സ്വദേശികളായ ദമ്പതിമാരാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. ക്ലിനിക്ക് ഏർപ്പാടാക്കിയ വാടക ഗർഭപാത്രത്തിലൂടെ ജനിച്ച കുഞ്ഞിന് തങ്ങളുടെ DNAയുമായി യാതൊരു ബന്ധവുമില്ലെന്നു കണ്ടതിനെ തുടർന്നാണ് ഇവർ പോലീസിനെ സമീപിച്ചത്. സ്വതന്ത്രമായി നടത്തിയ ഒരു ഡിഎൻഎ പരിശോധനയിലൂടെയാണ് ഇവർ ഈ ചതി തിരിച്ചറിഞ്ഞത്. വാടക ഗർഭധാരണത്തിനായി 35 ലക്ഷം രൂപയാണ് ഇവർ കഴിഞ്ഞ വർഷം ക്ലിനിക്കിന് നൽകിയത്.
പിന്നീട് കുഞ്ഞ് ജനിച്ചപ്പോൾ, വാടക അമ്മയുടെ ഡിഎൻഎ പരിശോധന നടത്തണമെന്ന ഇവരുടെ ആവശ്യം ഡോക്ടർ നമ്രത വൈകിപ്പിച്ചതായി ദമ്പതിമാർ പറയുന്നു. പിന്നാലെയാണ് ഇവർ ഡൽഹിയിൽ സ്വതന്ത്രമായി ഡിഎൻഎ പരിശോധന ചെയ്തത്. പരിശോധനാ ഫലത്തിൽ കുഞ്ഞിന് അവരുമായി യാതൊരു ജനിതക ബന്ധവുമില്ലെന്നു കണ്ടെത്തി. ഇതിൻരെ ഡിഎൻഎ തെളിവുകളുമായി സമീപിച്ചപ്പോൾ, ഒരു ‘കൈയബദ്ധം’ സംഭവിച്ചതായി ഡോക്ടർ നമ്രത സമ്മതിച്ചതായി ദമ്പതിമാർ പറയുന്നു.
അതേസമയം കുറ്റം സമ്മതിച്ച ഡോക്ടർ നമ്രത പ്രശ്‌നം പരിഹരിക്കാൻ സമയം ആവശ്യപ്പെടുകയും പിന്നാലെ മുങ്ങുകയുമായിരുന്നു. ഇതോടെയാണ് ദമ്പതികൾ ഗോപാലപുരം പോലീസിനെ സമീപിച്ചത്. പരാതി ലഭിച്ചയുടൻതന്നെ പോലീസ് യൂണിവേഴ്‌സൽ സൃഷ്ടി ഫെർട്ടിലിറ്റി സെന്ററിൽ റെയ്ഡ് നടത്തി. രാത്രി വൈകിയും നടന്ന പരിശോധനയ്ക്ക് പിന്നാലെ പുലർച്ചെ വരെ ജീവനക്കാരെ ചോദ്യം ചെയ്തു. പരിശോധനയിൽ നിർണായക രേഖകൾ പിടിച്ചെടുക്കുകയും ബീജ സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്കായി ശേഖരിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ആളുകളെ വാടക ഗർഭധാരണത്തിനായി പ്രലോഭിപ്പിക്കുകയും പ്രത്യുത്പാദന സാമഗ്രികൾ നിയമവിരുദ്ധമായി മറ്റ് സംസ്ഥാനങ്ങളിലേക്ക് കടത്തുകയും ചെയ്യുന്നതാണ് ഈ സംഘത്തിന്റെ പ്രവർത്തനരീതിയെന്ന് ഹൈദരാബാദ് നോർത്ത് സോൺ ഡിസിപി രശ്മി പെരുമാൾ പറഞ്ഞു. മാത്രമല്ല പോലീസിന്റെ അന്വേഷണത്തിൽ, ആഴത്തിൽ വേരൂന്നിയ ഒരു അന്തർസംസ്ഥാന ശൃംഖലയെക്കുറിച്ച് വിവരം ലഭിച്ചു. ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് നിയമവിരുദ്ധമായി ബീജവും അണ്ഡവും ശേഖരിച്ച് കടത്തുന്ന ശൃംഖലയിൽ ക്ലിനിക്കും ഉൾപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്
അതുപോലെ ഇന്ത്യൻ സ്‌പേം ടെക് എന്ന ലൈസൻസില്ലാത്ത സ്ഥാപനവുമായി ഫെർട്ടിലിറ്റി സെന്റർ സഹകരിച്ച് പ്രവർത്തിക്കുന്നതായും പോലീസ് കണ്ടെത്തി. ഇന്ത്യൻ സ്‌പേം ടെക്കിന്റെ റീജിയണൽ മാനേജരായ പങ്കജ് സോണി, ഇയാളുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന സമ്പത്ത്, ശ്രീനു, ജിതേന്ദർ, ശിവ, മണികണ്ഠൻ, ബോറോ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽനിന്ന് പ്രത്യുത്പാദന സാമഗ്രികൾ ശേഖരിക്കുക, വിവിധയിടങ്ങളിലേക്ക് അയക്കുക തുടങ്ങിയ പ്രവർത്തികളിൽ ഇവർ സജീവമായി ഏർപ്പെട്ടിരുന്നതായാണ് വിവരം.
അതേസമയം ക്ലിനിക്കിൽ എത്തുന്ന ഓരോ ദമ്പതിമാരിൽ നിന്നും വാടക ഗർഭധാരണ സേവനങ്ങൾക്കെന്നു പറഞ്ഞ് 35 ലക്ഷത്തിലധികം രൂപയാണ് ഡോക്ടർ നമ്രത കൈപ്പറ്റിയിരുന്നത്. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്നവരെ പണം കാണിച്ച്, വാടക ഗർഭധാരണത്തിനായി ഡോക്ടർ നമ്രത പ്രലോഭിപ്പിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായതായി ഡിസിപി രശ്മി പെരുമാൾ പറഞ്ഞു. അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി (റെഗുലേഷൻ) ആക്റ്റ്, വാടക ഗർഭധാരണ നിയമങ്ങൾ, മറ്റ് മെഡിക്കൽ എത്തിക്‌സ് ചട്ടങ്ങൾ എന്നിവയുടെ ലംഘനങ്ങളും ഉൾപ്പെടുത്തിയാണ് പ്രതികൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്.