തിരുവനന്തപുരം: എംആർ അജിത്കുമാറിനെ പോലീസിൽ നിന്നു മാറ്റി എക്സൈസ് കമ്മിഷണറായി നിയമിച്ചതിനെ പരിഹസിച്ച് പിവി അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എഡിജിപി കസേരയിൽ ഇരുന്ന് കഴിയാവുന്നതിന്റെ പരമാവധി മുഖ്യമന്ത്രിക്ക് സേവനം ചെയ്ത ആളല്ലേ? അതിനുള്ള പ്രത്യുപകാരമായിരിക്കാം ഈ പുതിയ പോസ്റ്റ് എന്നാണ് അൻവർ കുറിച്ചത്. പൂരം കലക്കൽ, സ്വർണ്ണക്കടത്ത്, അനധികൃത സ്വത്ത് സംബാധനം, അന്വേഷണവും, കേസും ഒന്നും ബാധകമല്ലാത്ത ആളല്ലേ. ഇലക്ഷനിലേക്ക് പണം കണ്ടെത്താൻ ഏറ്റവും നല്ല വകുപ്പല്ലേ കയ്യിൽ കൊടുത്തേൽപ്പിച്ചിരിക്കുന്നത്. ആർക്കും ഒന്നും അറിയില്ലെന്നാണോ വിചാരം. നടക്കട്ടെ, നമുക്ക് നോക്കാം എവിടെ എത്തുമെന്ന്. ജനം എന്ന ഒരു കൂട്ടരുണ്ട് ഇതിനിടയിൽ. അത് മറക്കേണ്ടായെന്നും അൻവർ പറയുന്നു.
പിവി അൻവറിന്റേ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-
എം.ആർ അജിത്കുമാറിനെ പോലീസിൽ നിന്ന് മാറ്റി. വളരെ നല്ല കാര്യം.
എന്നിട്ട് പകരം കൊടുത്തതോ ?
എക്സൈസ്!!
എ.ഡി.ജി.പി കസേരയിൽ ഇരുന്ന് കഴിയാവുന്നതിന്റെ പരമാവതി മുഖ്യമന്ത്രിക്ക് സേവനം ചെയ്ത ആളല്ലേ?
അതിനുള്ള പ്രത്യുപകാരമായിരിക്കാം ഈ പുതിയ പോസ്റ്റ്.
പൂരം കലക്കൽ
സ്വർണ്ണക്കടത്ത്
അനധികൃത സ്വത്ത് സംബാധനം
അന്വേഷണവും,കേസും ഒന്നും ബാധകമല്ലാത്ത ആളല്ലേ.
ഇലക്ഷനിലേക്ക് പണം കണ്ടെത്താൻ ഏറ്റവും നല്ല വകുപ്പല്ലേ കയ്യിൽ കൊടുത്തേൽപ്പിച്ചിരിക്കുന്നത്.
ആർക്കും ഒന്നും അറിയില്ലെന്നാണോ വിചാരം.
നടക്കട്ടെ,
നമുക്ക് നോക്കാം എവിടെ എത്തുമെന്ന്. ജനം എന്ന ഒരു കൂട്ടരുണ്ട് ഇതിനിടയിൽ. അത് മറക്കേണ്ട.
പി.വി അൻവർ
അതേസമയം ശബരിമലയിലെ ട്രാക്ടർ വിവാദത്തെ തുടർന്നാണ് അജിത് കുമാറിനെ പോലീസിൽ നിന്നും മാറ്റാൻ തീരുമാനിച്ചത്. ട്രാക്ടർ വിവാദത്തിൽ ഹൈക്കോടതി അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ അജിത് കുമാറിനെ ബറ്റാലിയനിൽ നിന്ന് മാറ്റിയ വിവരം സർക്കാർ കോടതിയെ അറിയിക്കും. നിലവിലെ എക്സൈസ് ഹൈക്കമ്മീഷണറായിരുന്ന മഹിപാൽ യാദവ് അവധിയിൽ പ്രവേശിച്ചിരുന്നു. ഈ ഒഴിവിലേക്കാണ് അജിത് കുമാറിനെ മാറ്റുന്നത്.
ജൂലായ് 12, 13 ദിവസങ്ങളിൽ അജിത്കുമാർ ട്രാക്ടറിൽ ശബരിമലയിലേക്ക് യാത്ര ചെയ്തത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. സന്നിധാനത്ത് നവഗ്രഹവിഗ്രഹ പ്രതിഷ്ഠ നടന്ന ദിവസമാണ് അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്. പമ്പയിൽനിന്ന് സന്നിധാനത്തേക്കും തിരിച്ചും ട്രാക്ടറിൽ നടത്തിയ യാത്രയാണ് വിവാദമായത്. 12 വർഷം മുമ്പ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൽ പമ്പ- സന്നിധാനം റൂട്ടിൽ ചരക്കുനീക്കത്തിന് മാത്രമേ ട്രാക്ടർ ഉപയോഗിക്കാവൂ എന്നും ഡ്രൈവറല്ലാതെ മറ്റൊരാളും അതിൽ ഉണ്ടാകാൻ പാടില്ലെന്നും വ്യക്തമാക്കിയിരുന്നു. ഈ നിരോധനം വകവെക്കാതെയാണ് അജിത്കുമാർ ട്രാക്ടറിൽ പേഴ്‌സണൽ സ്റ്റാഫുമായി യാത്ര നടത്തിയത്. സംഭവം ഏറെ വിവാദമായതോടെ ശബരിമല സ്‌പെഷ്യൽ കമ്മിഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി വിഷയത്തിൽ ഇടപെടുകയും അജിത്കുമാറിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. എഡിജിപി നടത്തിയത് ഗുരുതര നിയമലംഘനമാണ് എന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. സംഭവത്തിൽ പമ്പ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഈ വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് അജിത് കുമാറിനെ പോലീസിൽ നിന്ന് മാറ്റിയത്.