തിരുവനന്തപുരം: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ ബിഷപ്പുമാർക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി രംഗത്ത്. രണ്ട് കന്യാസ്ത്രീകൾ അറസ്റ്റിലായിട്ടും ഒരു തിരുമേനിയും പ്രതിഷേധിക്കാത്തത് എന്തുകൊണ്ടാണെന്ന് മന്ത്രി ചോദിച്ചു. ദീപികയിൽ എഡിറ്റോറിയൽ എഴുതി അരമനയിൽക്കയറി ഒതുങ്ങിയിരുന്ന് പ്രാർത്ഥിച്ചാൽ പ്രശ്‌നത്തിന് പരിഹാരമാകുമോയെന്നും മന്ത്രി പരിഹസിച്ചു. ഇപ്പോൾ എല്ലാ തിരുമേനിമാർക്കും അവരുടെ സ്ഥാനമുറപ്പിക്കലാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ-
‘അരമനയിൽ ഒതുങ്ങിയിരുന്ന് പ്രാർത്ഥിച്ചാൽ പ്രശ്‌നത്തിന് പരിഹാരമാകുമോ. രാജ്യത്താകെ മുസ്ലിങ്ങളെ ക്രിസത്യാനികളെയും മറ്റുമതത്തിൽപ്പെട്ടവരെയും പൂർണ്ണമായും നീക്കം ചെയ്യാനുള്ള എല്ലാ നടപടികളും കേന്ദ്രസർക്കാർ ചെയ്തുകൊണ്ടിരിക്കുകയല്ലേ… സിസ്റ്റർമാർ അറസ്റ്റിലായിട്ടും പ്രധാനമന്ത്രിമാരോട് പരാതി പറയാനുള്ള ധൈര്യം പോലും തിരുമേനിമാർ കാണിക്കുന്നില്ലല്ലോ. സകലമാന നിയമങ്ങളും ഭരണഘടനയിൽ പറയുന്ന കാര്യങ്ങളും കാറ്റിൽ പറത്തിക്കൊണ്ടാണല്ലോ ബജ്‌റംഗ്ദൾ പിന്തുണയോടെ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തുകൊണ്ടുപോയത്’.
എന്നിട്ടും ഒരു തിരുമേനിമാരുടെയും പ്രതിഷേധം കണ്ടില്ല. അവരെല്ലാം സ്ഥാനമാനങ്ങൾ ഉറപ്പിച്ചുമുന്നോട്ടുപോവുകയാണ്. ബാക്കി പാവപ്പെട്ട ക്രിസ്ത്യാനികൾ അനുഭവിക്കട്ടെയെന്ന നിലയിലായിരിക്കും എടുത്തിട്ടുള്ളത്. അവരും വലിയ രീതിയിൽ ഗൗരവമായി ആലോചിക്കേണ്ടതാണ്.
അതേസമയം ശനിയാഴ്ചയാണ് ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ റെയിൽവെ പോലീസ് അറസ്റ്റ് ചെയ്തത്. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്.
നാരായൻപുർ ജില്ലയിൽ നിന്നുള്ള മൂന്ന് പെൺകുട്ടികളോടൊപ്പമായിരുന്നു കന്യാസ്ത്രീകൾ സഞ്ചരിച്ചിരുന്നത്. റെയിൽവേ സ്റ്റേഷനിലെത്തിയ ബജ്റംഗ്ദൾ പ്രവർത്തകർ ഇവർ നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിച്ച് കന്യാസ്ത്രീകളെ തടഞ്ഞുവെക്കുകയായിരുന്നു. കന്യാസ്ത്രീകൾ നടത്തുന്ന ആശുപത്രിയിൽ ജോലിക്ക് പോവുകയാണെന്ന് പെൺകുട്ടികൾ പറഞ്ഞു. മൂവരുടെയും രക്ഷിതാക്കൾ ജോലിക്ക് പോവാൻ നൽകിയ അനുമതി പത്രവും തിരിച്ചറിയൽ കാർഡുകളും പെൺകുട്ടികൾ ഹാജരാക്കി. തങ്ങൾ നേരത്തെ തന്നെ ക്രൈസ്തവരാണെന്നും പെൺകുട്ടികൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതൊന്നും അംഗീകരിക്കാൻ ബജ്‌റംഗ്ദളോ പോലീസോ തയ്യാറായില്ലെന്നാണ് ആരോപണം.