മാഞ്ചെസ്റ്റർ: ഒരു റൺ അക്കൗണ്ടിലെത്തും മുൻപേ വീണതു രണ്ടുവിക്കറ്റുകൾ… എന്നാൽ അവിടെനിന്നെണീറ്റ് അദ്ഭുതകരമായ പ്രതിരോധം തീര്‍ത്താണ് ഇന്ത്യ നാലാം ടെസ്റ്റിൽ സമനില പിടിച്ചത്. ഇന്നിങ്‌സ് തോൽവി നേരിടേണ്ടിവരും എന്ന ഭീഷണിക്കിടെ ഒരുമിച്ച് 421 പന്തുകൾ നേരിട്ട കെ.എൽ. രാഹുൽ- ശുഭ്മൻ ഗിൽ സഖ്യവും 334 പന്തുകൾ നേരിട്ട വാഷിങ്ടൺ സുന്ദർ- രവീന്ദ്ര ജഡേജ കൂട്ടുകെട്ടും ഇന്ത്യയ്ക്ക് സമ്മാനിച്ചത് വിജയത്തോളം പോന്ന സമനില.
അഞ്ചാംദിനമായ ഞായറാഴ്ച ഇന്ത്യ രണ്ടാം ഇന്നിങ്‌സിൽ നാലിന് 425 റൺസിൽ നിൽക്കേ സമനിലയിൽ പിരിയുകയായിരുന്നു. പക്ഷെ അവസാനദിനം നാടകീയമായ സംഭവങ്ങളും ഓൾഡ്ട്രാഫഡിൽ അരങ്ങേറി. 15 ഓവർ ബാക്കി നിൽക്കേ കളി സമനിലയിൽ അവസാനിപ്പിക്കാൻ ഇംഗ്ലണ്ട് നായകൻ തുനിഞ്ഞിറങ്ങിയെങ്കിലും ഇന്ത്യ കൈകൊടുത്തില്ല.
ഇന്ത്യ 138 ഓവറിൽ 386 റൺസിൽ നിൽക്കേ, സമനിലയിൽ പിരിയാൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് തയ്യാറായെങ്കിലും ഇന്ത്യ കളി തുടരാൻ ആവശ്യപ്പെടുകയായിരുന്നു. കളി സമനിലയിൽ അവസാനിപ്പിക്കാനായി കൈ നീട്ടിക്കൊണ്ട് സ്റ്റോക്സ് മുന്നോട്ടുവന്നെങ്കിലും ഇന്ത്യൻ താരങ്ങൾ അതിന് വഴങ്ങിയില്ല. ടോപ് ഗിയറിൽ നിൽക്കുന്ന സുന്ദറിനേയും ജഡേജയേയും സെഞ്ചുറിയടിപ്പിക്കാതെ കളി നിർത്താനുള്ള ഇംഗ്ലണ്ട് നായകന്റെ ശ്രമമായിരുന്നു ഇതിനു പിന്നിൽ. ഈസമയം വഷിങ്‌ടൺ സുന്ദർ (80), ജഡേജ (89) എന്നീ സ്കോറുകളിലായിരുന്നു. സെഞ്ചുറി തികയ്ക്കാനായി കളി തുടരാൻ ആവശ്യപ്പെട്ടത് ഇംഗ്ലണ്ട് ടീമിന് അസംതൃപ്തിയുണ്ടാക്കി. ഇതിനു പിന്നാലെ ഇംഗ്ലണ്ട് താരങ്ങളുടെ സംഭാഷണങ്ങളും പുറത്തുവന്നു.
കരിയറിലെ ആദ്യ സെഞ്ചുറിനേടിയ വാഷിങ്ടൺ സുന്ദർ 206 പന്തിൽ 101 റൺസോടെയും രവീന്ദ്ര ജഡേജ 185 പന്തിൽ 107 റൺസോടെയും പുറത്താകാതെനിന്നതോടെയാണ് സമനിലയിൽ പിരിഞ്ഞത്. അതേസമയം ശുഭ്മൻ ഗിൽ (103) പരമ്പരയിലെ നാലാം സെഞ്ചുറി നേടി. നാലാം ഇന്നിങ്സിൽ ഇന്ത്യയുടെ മൂന്നു ബാറ്റർമാർ സെഞ്ചുറി നേടുന്നത് ആദ്യമാണ്. ഇതോടെ, പരമ്പരയിൽ ഇംഗ്ലണ്ട് 2-1ന് മുന്നിലാണ്.