ജയ്പുർ: വിവാഹംകഴിഞ്ഞ് ഒരുമാസത്തിനുള്ളിൽ ഭാര്യയുടെ വിലയേറിയ ആഗ്രഹങ്ങൾ നടത്താൻ നവവരൻ മോഷ്ടാവായി. സംഭവം ആരുടേയും കണ്ണിൽപെടില്ലെന്നു കരുതിയ മോഷ്ടാവിനെ പോലീസ് സംഘം അതിവിദഗ്ധമായി പൂട്ടി. രാജസ്ഥാനിലെ ജയ്പുരിലാണ് സംഭവം.
ജയ്പുരിന് സമീപം ജാംവാരാംഘട്ട് ഗ്രാമത്തിലെ തരുണിനെയാണ് വയോധികയുടെ സ്ത്രീയുടെ മാലപൊട്ടിച്ച കേസിൽ പോലീസ് അറസ്റ്റ്‌ചെയ്തത്. എന്നാൽ, മോഷണത്തിന്റെ കാരണമായി പ്രതി നൽകിയ മൊഴികേട്ട് പോലീസുകാർ അന്തംവിട്ടുപോയി. പുതുമോടിയിൽ ഭാര്യയുടെ ആഗ്രഹങ്ങൾ നിറവേറ്റാനുള്ള പണം കണ്ടെത്താനാണ് താൻ മോഷണത്തിനിറങ്ങിയതെന്നായിരുന്നു ഇയാൾ പോലീസിനോടു പറഞ്ഞത്.
ബിബിഎ ബിരുദധാരിയായ ഇയാൾ ഒരു സ്വകാര്യകമ്പനിയിലെ എക്‌സിക്യൂട്ടിവായാണ് ജോലിചെയ്തിരുന്നത്. ഒരുമാസം മുൻപായിരുന്നു തരുണിന്റെ വിവാഹം. വിവാഹശേഷം ഭാര്യയുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള പണം ഈ ജോലിയിൽനിന്ന് ലഭിച്ചിരുന്നില്ല. കൂടുതൽപണവും ആഡംബരജീവിതവുമായിരുന്നു ഭാര്യയുടെ ആഗ്രഹം. ഇതിന്റെ പേരിൽ ഭാര്യ തരുണിനെ സമ്മർദത്തിലാക്കാനും തുടങ്ങി. ഓരോദിവസവും ഏറെ പണച്ചെലവുള്ള ആവശ്യങ്ങളും ആഗ്രഹങ്ങളുമാണ് ഭാര്യ തരുണിനോട് പറഞ്ഞിരുന്നത്. ഇതോടെയാണ് ഭാര്യയുടെ ആവശ്യങ്ങൾക്കുള്ള പണം കണ്ടെത്താനായി ജോലിവിട്ട് താൻ മോഷണത്തിനിറങ്ങിയതെന്നായിരുന്നു പ്രതിയുടെ മൊഴി.
സംഭവദിവസം പതിവുപോലെ ഇറങ്ങി ജയ്പുരിലെ ട്രാൻസ്‌പോർട്ട് നഗർ മേഖലയിൽ പട്ടാപ്പകൽ വയോധികയുടെ മാലപൊട്ടിച്ചതോടെ പുതിയ പണിക്കു തിരശീല വീഴുകയായിരുന്നു. ഗ്രാമത്തിൽനിന്ന് ജയ്പുരിലെത്തി മോഷണം നടത്തിയശേഷം തിരികെമടങ്ങുന്നതായിരുന്നു ഇയാളുടെ രീതി. വയോധികയുടെ മാലപൊട്ടിച്ച കേസിൽ വിവിധ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് ഇയാൾ ജയ്പുരിലേക്കും തിരിച്ചും യാത്ര നടത്തുന്നുണ്ടെന്നും വ്യക്തമായി. ഇതിനുപിന്നാലെയാണ് വെള്ളിയാഴ്ച ഇയാളെ കസ്റ്റഡിയിലെടുത്തത്.
അതേസമയം, പ്രതി ഇതുവരെ എത്ര മോഷണം നടത്തിയെന്നത് സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു. ഭാര്യയ്ക്ക് ഇയാളുടെ മോഷണത്തെക്കുറിച്ച് അറിവുണ്ടോ, മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ തുടങ്ങിയകാര്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്.