തിരുവനന്തപുരം: മദ്യനയഭേദഗതി വിജ്ഞാപനമായി സാർക്കാർ. ഇനി മുതൽ അന്താരാഷ്ട്ര കോൺഫറൻസുകൾ, ബിസിനസ് സമ്മേളനങ്ങൾ, കൂടിച്ചേരലുകൾ, വിവാഹസത്കാരം എന്നിവയുടെ ഭാഗമായി വൻകിട ഹോട്ടലുകളിൽ എല്ലാ മാസവും ഒന്നാംതീയതിയും മദ്യം വിളമ്പാം. നിലവിൽ ത്രീസ്റ്റാർമുതൽ മുകളിലേക്കുള്ള ഹോട്ടലുകൾ, ഹെറിറ്റേജ്, ഹെറിറ്റേജ് ഗ്രാൻഡ്, ഹെറിറ്റേജ് ക്ലാസിക്, ബോട്ടിക് ഹോട്ടലുകൾ എന്നിവയ്ക്കാണ് ഒന്നാംതീയതി മദ്യം വിളമ്പാൻ അനുമതി ലഭിക്കുക.
അതേസമയം പ്രാദേശിക ചരിത്രമോ, സംസ്‌കാരമോ പ്രതിഫലിപ്പിക്കുന്ന രീതിയിൽ രൂപകല്പന ചെയ്ത ചെറുതും സ്വതന്ത്രവുമായ ആഡംബര ഹോട്ടലുകളെയാണ് വിനോദസഞ്ചാരവകുപ്പ് ബോട്ടിക് ഹോട്ടലുകൾ എന്ന ഗണത്തിൽപ്പെടുത്തിയിട്ടുള്ളത്.
അതുപോലെ ഒന്നാംതീയതി മദ്യം വിളമ്പേണ്ടതുണ്ടെങ്കിൽ ഏകദിന പെർമിറ്റിനായി ചടങ്ങിന്റെ വിശദാംശം സഹിതം ഏഴുദിവസം മുൻപ് 50,000 രൂപ ലൈസൻസ് ഫീസടച്ച് എക്സൈസ് കമ്മിഷണർക്ക് അപേക്ഷ നൽകണം.
നേരത്തെ വിനോദസഞ്ചാരമേഖലയുടെ ആവശ്യം പരിഗണിച്ച് ഒന്നാം തീയതിയിലെ ഡ്രൈഡേ ഒഴിവാക്കാൻ നേരത്തേ സർക്കാർ മദ്യനയം ഭേദഗതിചെയ്തിരുന്നു. ഏപ്രിൽ ഒൻപതിന് മന്ത്രിസഭ അംഗീകരിച്ച മദ്യനയത്തിന്റെ അടിസ്ഥാനത്തിലുള്ള ചട്ടമാണ് ഇപ്പോൾ വിജ്ഞാപനം ചെയ്തത്.
അതേസമയം ഒന്നാംതീയതി ഒഴികെയുള്ള മറ്റു ഡ്രൈഡേകളിൽ സ്‌പെഷ്യൽ ലൈസൻസ് അനുവദിക്കില്ല. ഇംഗ്ലീഷ് മാസം ഒന്നാം തീയതിയും സർക്കാർ മറ്റേതെങ്കിലും കാരണത്താൽ പ്രഖ്യാപിച്ചിട്ടുള്ള ഡ്രൈ ഡേയും ഒന്നിച്ചുവന്നാലും ഇളവ് ലഭിക്കില്ല. ഒന്നാംതീയതി ഡ്രൈ ഡേയായി പ്രഖ്യാപിച്ചിട്ടുള്ളത് അന്താരാഷ്ട്ര സമ്മേളനങ്ങൾ, മൈസ് (മീറ്റിങ്, ഇൻസെന്റീവ്സ്, കോൺഫറൻസ്, എക്സിബിഷൻസ്) ടൂറിസം, ഡെസ്റ്റിനേഷൻ വെഡ്ഡിങ് തുടങ്ങിയവയെ ബാധിക്കുന്നതായി വിനോദസഞ്ചാരമേഖലയിൽനിന്ന് പരാതി ഉയർന്നിരുന്നു.