ലളിത്പൂർ: ലളിത്പൂർ ഷെഹ്‌സാദ് അണക്കെട്ടിന്റെ സംഭരണ മേഖലയിൽ ചാക്കിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിച്ച് പൊലീസ്. യുവതിയെ കാമുകൻ കീടനാശിനി കലർത്തിയ ശീതളപാനീയം നൽകി കൊലപ്പെടുത്തി മൃതദേഹം ഇവിടെ തള്ളിയതാണെന്നാണ് കണ്ടെത്തൽ. ഇൻസ്റ്റാഗ്രാമിൽ യുവതി മറ്റൊരു യുവാവുമായി ബന്ധം പുലർത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.
ജൂലൈ 16-നാണ് ഷെഹ്‌സാദ് അണക്കെട്ടിന്റെ സംഭരണ മേഖലയിൽ നിന്ന് ബോറിക്കുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് കരമായി ഗ്രാമത്തിലെ നരേന്ദ്ര റായ്ക്വാറിന്റെ ഭാര്യ റാണി റായ്ക്വാറാണ് (24) മരിച്ചതെന്ന് തിരിച്ചറിഞ്ഞു. മരിച്ച റാണിയുടെ ബന്ധുക്കൾ നൽകിയ വിവരമനുസരിച്ച്, 2024 ജൂണിൽ കരമായി ഗ്രാമത്തിലെ ജഗദീഷ് എന്നയാളുമായി റാണി പ്രണയത്തിലായിരുന്നു.
ഒരു വർഷത്തോളം ഇരുവരും ഒരുമിച്ചായിരുന്നു താമസം. അടുത്തിടെ മറ്റൊരാളുമായി ജഗദീഷിന്റെ വിവാഹം നിശ്ചയിച്ചതോടെ ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായി. ഇതിനിടെ, ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട മറ്റൊരു യുവാവിനൊപ്പം കുറച്ചുദിവസം റാണി താമസിച്ചു. 2025 ജൂലൈ ആറിന് റാണി ലളിത്പൂർ നഗരത്തിലെ നായിബസ്തിയിലുള്ള ജഗദീഷിന്റെ വാടക വീട്ടിലേക്ക് തിരിച്ചുവരികയും ചെയ്തു. എന്നാൽ വിവാഹത്തെ ചൊല്ലിയും ഇൻസ്റ്റഗ്രാമിലെ ബന്ധത്തെ ചൊല്ലിയും ഇരുവരും തമ്മിൽ വഴക്ക് പതിവായി. തുടർന്നാണ് റാണിയെ കൊലപ്പെടുത്താൻ ജഗദീഷ് ഗൂഢാലോചന നടത്തിയത്. യൂട്യൂബിൽ നിന്നും ഗൂഗിളിൽ നിന്നും കൊലപാതക രീതികൾ പഠിച്ചശേഷമായിരുന്നു ഇയാൾ കീടനാശിനി വാങ്ങിയത്.
2025 ജൂലൈ 7-ന് ജഗദീഷ് ശീതളപാനീയത്തിൽ കീടനാശിനി കലർത്തി റാണിയെ കുടിപ്പിച്ചു. ഇതാണ് റാണിയുടെ മരണത്തിന് കാരണമായതെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ശേഷം രാത്രി കൈകളും കാലുകളും കെട്ടി ചാക്കിലാക്കി. തുടർന്ന് മൃതദേഹം ബൈക്കിൽ വെച്ച് ചിരാ ഗ്രാമത്തിന് സമീപമുള്ള ഷെഹ്‌സാദ് നദിയിൽ ഉപേക്ഷിച്ചു. പ്രതിയിൽ നിന്ന് ഒരു ബൈക്കും കീടനാശിനിയുടെ കുപ്പിയും പൊലീസ് കണ്ടെടുത്തു.
റാണിയെ കൊലപ്പെടുത്തിയ ശേഷം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ജഗദീഷ് ശ്രമിച്ചു. 2025 ജൂലൈ 8-ന് റാണിയുടെ ഫോണിൽ നിന്ന് റാണിയും അവളുടെ ഇൻസ്റ്റാഗ്രാം സുഹൃത്തുമൊത്തുള്ള റീലുകൾ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തു. റാണിയെ യശ്വന്ത് എന്നയാൾ കൊലപ്പെടുത്തിയെന്ന് പൊലീസിനെ വിശ്വസിപ്പിക്കാനായിരുന്നു ഈ നീക്കം. മൃതദേഹം ഉപേക്ഷിച്ച ശേഷം ഇയാൾ സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ ഇയാളുടെ ഗൂഢാലോചന പൊലീസ് തകർത്തു.
ജഗദീഷിന്റെ സുഹൃത്തായിരുന്നു നരേന്ദ്ര. ഈ ബന്ധം വഴി ജഗദീഷ് നരേന്ദ്രയുടെ വീട്ടിൽ പതിവായി സന്ദർശിക്കുമായിരുന്നു. ഇതിനിടെ നരേന്ദ്രയുടെ ഭാര്യ റാണിയും ജഗദീഷും തമ്മിൽ പ്രണയത്തിലായി. നരേന്ദ്ര ഇക്കാര്യം അറിഞ്ഞതോടെ പ്രശ്നങ്ങളുണ്ടായി. തുടർന്ന് 2024 ജൂണിൽ റാണി ഭർത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് കാമുകൻ ജഗദീഷിനൊപ്പം താമസിക്കാൻ തുടങ്ങി.
ചാക്കിനുള്ളിൽ കണ്ടെത്തിയ അഴുകിയ മൃതദേഹത്തിൻ്റെ കയ്യിൽ “ആർ ജഗദീഷ്” എന്ന് പച്ചകുത്തിയിട്ടുണ്ടായിരുന്നു. ഈ വിവരം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് മൃതദേഹം നരേന്ദ്രയുടെ ഭാര്യ റാണിയുടേതാണെന്ന് കുടുംബം തിരിച്ചറിഞ്ഞത്. തിരിച്ചറിയൽ ഉറപ്പാക്കാൻ റാണിയുടെ പിതാവ് ലല്ലു റായ്ക്വാറിനെ വിളിച്ചുവരുത്തി. ഇദ്ദേഹവും മൃതദേഹം റാണിയുടേതാണെന്ന് സ്ഥിരീകരിച്ചതോടെയാണ് ജഗദീഷിനെ അറസ്റ്റ് ചെയ്ത് പൊലീസ് നിഗൂഢതകൾ പുറത്തുകൊണ്ടുവന്നത്. തുടര്‍ന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.