ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യൻ നഴ്‌സ് നിമിഷ പ്രിയയ്ക്ക് മാപ്പ് നൽകാനുള്ള ശ്രമങ്ങൾ അവരുടെ കുടുംബം മാത്രമേ നടത്താവൂ എന്നും ബാഹ്യ സംഘടനകളുടെ ഇടപെടൽ ഗുണം ചെയ്യില്ലെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. നിമിഷ പ്രിയയുടെ കുടുംബം മാത്രമേ ഇരയുടെ ബന്ധുക്കളുമായി ചർച്ചകൾ നടത്താവൂവെന്നും നല്ല ഉദ്ദേശ്യത്തോടെയാണെങ്കിൽ പോലും പുറത്തുനിന്നുള്ള ആരും ഇതിൽ ഉൾപ്പെടരുതെന്നും അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി നിർദേശിച്ചു. കുടുംബത്തിന് ഇതിനകം തന്നെ പവർ ഓഫ് അറ്റോർണിയെ നിയമിച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
കുടുംബം മാത്രമാണ് ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തേണ്ടത്, സദുദേശ്യത്തോടെയാണെങ്കിൽ പോലും പുറത്തുനിന്നുള്ള ആരും അതിൽ ഇടപെടുന്നത് നന്നാകില്ലെന്ന് അറ്റോർണി ജനറൽ വെങ്കിട്ടരമണി സുപ്രീം കോടതിയിൽ പറഞ്ഞതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
38 കാരിയായ നിമിഷ പ്രിയയുടെ മോചനം പരിഗണിക്കണമെന്ന് യെമനിലെ പണ്ഡിതരോട് മതനേതാവ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതേസമയം, കാന്തപുരത്തിന്റെ ഇടപെടലിനെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ നിന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ഒഴിഞ്ഞുമാറിയിരുന്നു. ജൂലൈ 16 ന് നടപ്പിലാക്കാൻ തീരുമാനിച്ചിരുന്ന വധശിക്ഷ മാറ്റിവച്ചിരുന്നു. ഇറാൻ പിന്തുണയുള്ള ഹൂത്തി സേനയുടെ നിയന്ത്രണത്തിലുള്ള യെമൻ തലസ്ഥാനമായ സനയിലെ ജയിലിലാണ് നിമിഷപ്രിയ ഇപ്പോൾ തടവിൽ കഴിയുന്നത്.